ജനം സഹകരിച്ചില്ലെങ്കില്‍ ഭരണകൂടം ഇടപെടുമെന്ന് കാസര്‍ഗോഡ് ജില്ലാ കളക്ടര്‍

കാസര്‍ഗോഡ്: കൊവിഡ് നിര്‍ദ്ദേശത്തോട് ജനം സഹകരിച്ചില്ലെങ്കില്‍ ഭരണകൂടം ഇടപെടുമെന്ന് കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ ഡി. സജിത് ബാബു. ഇനി നിര്‍ദേശങ്ങളില്ല. നടപടികള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. വീടുകളില്‍ ഒറ്റയ്ക്കാണ് കഴിയേണ്ടത്. കുടുംബാംഗങ്ങളെപോലും കാണരുത്. ലംഘിച്ചാല്‍ സര്‍ക്കാരിന്റെ പരിമിത സൗകര്യങ്ങളില്‍ കഴിയേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സമൂഹവ്യാപനത്തിന് സാധ്യതയില്ലെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.

വെള്ളിയാഴ്ച കാസര്‍ഗോഡ് ആറുപേര്‍ക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജില്ല കര്‍ശന നിയന്ത്രണത്തിന്‍ കീഴിലായത്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ 1897 ലെ പകര്‍ച്ചവ്യാധി നിയന്ത്രണ ആക്ടിലെ സെക്ഷന്‍ 2(1) പ്രകാരം ശക്തമായ നടപടികള്‍ക്ക് ജില്ലാ മജിസ്‌ട്രേട്ട് കൂടിയായ കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും അധികാരം നല്‍കിയിട്ടുണ്ട്.

ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളും മറ്റ് പൊതു, സ്വകാര്യ ഓഫീസുകളും ഒരാഴ്ച അടച്ചിടും. അവശ്യസര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്. രണ്ടാഴ്ചക്കാലം എല്ലാ ആരാധനാലയങ്ങളും അടച്ചിടണം. എല്ലാ ക്ലബുകളും സിനിമാശാലകളും രണ്ടാഴ്ച പ്രവര്‍ത്തിക്കില്ല. പൊതുസ്ഥലങ്ങളായ പാര്‍ക്കുകള്‍, ബീച്ചുകള്‍ തുടങ്ങിയവയില്‍ കൂട്ടംകൂടുന്നതിന് അനുവദിക്കില്ല. ഓഫീസുകള്‍ അവധിയാണെങ്കിലും കളക്ടര്‍ ആവശ്യപ്പെടുന്ന സാഹചര്യ ത്തില്‍ ജോലിയില്‍ പ്രവേശിക്കാന്‍ അവര്‍ സന്നദ്ധരായിരിക്കണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News