കാസര്‍കോഡ് റൂട്ട് മാപ്പ് തയ്യാറാക്കല്‍ നിര്‍ത്തി,രണ്ടു രോഗബാധിതര്‍ കൂടി വ്യാപക സമ്പര്‍ക്കം നടത്തി,രോഗികളുമായി ബന്ധപ്പെട്ടവരെ കണ്ടെത്താന്‍ ബദല്‍ മാര്‍ഗം

കാസര്‍കോട്:കൊവിഡ് 19 മായി ബന്ധപ്പെട്ട് അതീവ ജാഗ്രത പുലര്‍ത്തുന്ന കാസര്‍കോഡ് ജില്ലയില്‍ രോഗ ബാധ സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അവസാനിപ്പിക്കാന്‍ തീരുമാനം. രോഗികളുടെ എണ്ണകൂടുതലും സമയനഷ്ടവും കണക്കിലെടുത്താണ് തീരുമാനം. ഇനി മുതല്‍ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ പ്രാദേശിക തലത്തില്‍ രൂപീകരിച്ചിട്ടുള്ള ജാഗ്രതാ സമിതികള്‍ നേരിട്ട് ബന്ധപ്പെടും.

കാസര്‍കോട്ടെ കൊവിഡ് ബാധിതരില്‍ കൂടുതല്‍ പേര്‍ വ്യാപക സമ്പര്‍ക്കം നടത്തിയെന്ന് വ്യക്തമായി. തളങ്കര സ്വദേശിയും പൂച്ചകാട് സ്വദേശിയും ആണ് കൂടുതല്‍ പേരുമായി ഇടപഴകിയത്. നേരത്തെ എരിയാല്‍ സ്വദേശിയും ഇതുപോലെ വ്യാപക സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു.ഇവരുമായി ബന്ധപ്പെട്ട റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും റൂട്ട് മാപ്പ് കണ്ടു മാത്രം കൂടുതല്‍ ആളുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ഇതേ തുടര്‍ന്നാണ് ജില്ലാ ഭരണകൂടം പുതിയ തീരുമാനം കൈക്കൊണ്ടത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 17 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗികള്‍ ക്വാറന്റൈന്‍ നിര്‍ദ്ദേശം പാലിക്കാതെ കറങ്ങിനടന്നതാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തലവേദന സൃഷ്ടിയ്ക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ജില്ലാ കളക്ടര്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കാന്‍ പാടില്ല. കടകള്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ മാത്രമേ തുറക്കാവൂ എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍. എന്നാല്‍ അവശ്യ സേവനങ്ങള്‍ തടസമില്ലാതെ മുന്നോട്ട് പോകണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News