കരുവന്നൂർ തട്ടിപ്പ്‌: സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറിക്ക് ഇ.ഡി നോട്ടീസ്

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അന്വേഷണം സി.പി.എം ഉന്നതരിലേക്ക്. സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗ്ഗീസിന് ഇ.ഡി നോട്ടീസയച്ചു. ഈ മാസം 25-ന് ഹാജരാകണമെന്നാണ് നോട്ടീസിലെ നിര്‍ദേശം.

ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗങ്ങളുടെ ഒരു മിനുട്ട്‌സ് ബാങ്കിലും രണ്ടാമത്തേത് പാര്‍ട്ടി ഓഫീസിലുമാണ് സൂക്ഷിച്ചിരുന്നതെന്ന് നേരത്തെ ചിലര്‍ മൊഴി നല്‍കിയിരുന്നു. ഇക്കാര്യം ഉള്‍പ്പെടെ അന്വേഷിക്കുന്നതിനാണ് സി.പി.എം ജില്ലാ സെക്രട്ടറിയോട് നേരിട്ട് ഹാജരാകാന്‍ ഇ.ഡി ആവശ്യപ്പെട്ടത്.

കേസില്‍ നേരത്തെ ചോദ്യംചെയ്ത മുന്‍ മന്ത്രി എ.സി മൊയ്തീന് ഇ.ഡി വീണ്ടും നോട്ടീസ് അയക്കുമെന്നാണ് വിവരം. മുന്‍ എം.പി പി.കെ ബിജു ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കും നോട്ടീസ് നല്‍കാന്‍ ഇ.ഡി തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. കേസില്‍ നിലവില്‍ രണ്ടാംഘട്ട അന്വേഷണമാണ് ഇ.ഡി നടത്തുന്നത്. ഒന്നാംഘട്ട അന്വേഷണം പൂര്‍ത്തിയാക്കി നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News