കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ സിപിഎം സംസ്ഥാന സമിതി അംഗവും കേരള ബാങ്ക് വൈസ് ചെയർമാനുമായ എം.കെ.കണ്ണന്റെ ചോദ്യം ചെയ്യൽ അവസാനിച്ചു. െകാച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഓഫിസിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യല്‍ ഏഴു മണിക്കൂറോളം നീണ്ടു.
ഇ.ഡി തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ചോദ്യം ചെയ്യലിനുശേഷം കണ്ണൻ മാധ്യമങ്ങളോടു പ്രതികരിച്ചു. കേസെടുക്കുമെന്നും ജയിലിൽ പോകേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തി. അവർ ഉദ്ദേശിക്കുന്ന ഉത്തരം നൽകാൻ സമ്മർദം ചെലുത്തി. വഴങ്ങിയില്ല. സെപ്റ്റംബർ 29ന് വീണ്ടും ഹാജരാകും. സതീഷ്കുമാറുമായി 30 വർഷത്തെ സൗഹൃദമാണുള്ളത്. സാമ്പത്തിക ഇടപാടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഭീഷണിയും സമ്മര്‍ദവുമൊക്കെയാണ്. ഭീഷണിക്കൊന്നും വഴങ്ങുന്നയാളല്ല ഞാനെന്ന് മറുപടി നൽകി. ഭീഷണിയാണല്ലോ അവരുടെ സമ്മർദം. പക്ഷേ, ഒരുപാട് മര്യാദയോടെ പെരുമാറുന്ന ആളുകളുമുണ്ട്. മാനസികവും ശാരീരികവുമായി പീഡിപ്പിക്കലല്ലേ നടക്കുന്നത്. തല്ലിയിട്ടില്ല. ജയിലിലേക്ക് വിടും, കേസെടുക്കും എന്നൊക്കെയാണ് ഭീഷണി. അവർ ഉദ്ദേശിക്കുന്ന രീതിയിൽ ഉത്തരം നൽകണമെന്നാണ് സമ്മർദം. ഞാൻ പറ്റില്ലായെന്നു പറഞ്ഞു.’ – ചോദ്യം ചെയ്യലിനു ശേഷം കണ്ണൻ മാധ്യമങ്ങളോടു പറഞ്ഞു.
‘സതീഷ്കുമാറുമായി 30 വർഷത്തെ പരിചയമുണ്ട്. നല്ല സൗഹൃദമാണ്. ചായ കുടിക്കാന്‍ പോകാറുണ്ട്. ഫോണിൽ സംസാരിക്കാറുണ്ട്. ഒരു രൂപ ഞാൻ അയാളിൽനിന്ന് വാങ്ങിയിട്ടില്ല, ഞാൻ അയാൾക്ക് കൊടുക്കാനുമില്ല. ഒരു സാമ്പത്തിക ഇടപാടുമില്ല. വീണ്ടും 29ന് വരാൻ പറഞ്ഞിട്ടുണ്ട്. ഞാൻ വരും’’– കണ്ണൻ പറഞ്ഞു.
മുന്‍ എംഎൽഎ കൂടിയായ കണ്ണൻ പ്രസിഡന്റായ തൃശൂർ സഹകരണ ബാങ്കിലടക്കം ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. കേസിലെ പ്രധാന പ്രതി സതീഷ്കുമാർ, എം.കെ.കണ്ണൻ പ്രസിഡന്റായിട്ടുള്ള തൃശൂർ സഹകരണ ബാങ്കിലാണ് പല ബെനാമി ഇടപാടുകളും നടത്തിയിട്ടുള്ളതെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ചോദ്യം ചെയ്യൽ.