തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് പ്രതികളുടെ വീടുകളിൽ എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെ (ഇഡി) റെയ്ഡ്. കൊച്ചിയിൽ നിന്നെത്തിയ സംഘം രാവിലെ എട്ടോടെയാണ് പരിശോധന ആരംഭിച്ചത്. തട്ടിപ്പുകേസിലെ പ്രതികളായ ബിജോയി, കെ.കെ.ദിവാകരൻ, ബിജു കരീം തുടങ്ങിയവരുടെ വീടുകളിലാണു പരിശോധന പുരോഗമിക്കുന്നത്.
300 കോടിയോളം രൂപയുടെ തട്ടിപ്പാണ് സിപിഎം ഭരിക്കുന്ന കരുവന്നൂർ സഹകരണ ബാങ്കിൽ അരങ്ങേറിയത്. ബാങ്കിലെ അഴിമതിയെക്കുറിച്ച് സൂചന കിട്ടിയ സിപിഎം 2018ൽ ബാങ്കിലെ സംശയാസ്പദമായ ഫയലുകൾ ഒരു അലമാരയിലാക്കി പൂട്ടി. ഈ ഫയലുകളാണു പിന്നീടു സഹകരണ അന്വേഷണ സംഘത്തിനു കൈമാറിയത്. 2017 ഡിസംബറിലാണ് അഴിമതി നടക്കുന്നുവെന്ന സൂചന പുറത്തുവന്നത്. ബാങ്കിലെ പണം തിരികെ വേണമെന്നാവശ്യപ്പെട്ടു സമരത്തിലാണു നിക്ഷേപകർ.
അതേസമയം, ന്യായമായ മുന്‍ഗണനാക്രമം നിശ്ചയിക്കുന്നതുവരെ കരുവന്നൂര്‍ സഹകരണ ബാങ്കില്‍നിന്ന് ഇനി പണം നല്‍കരുതെന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചു. ഏറ്റവും അത്യാവശ്യമുള്ളവര്‍ക്കു പണം നല്‍കാം. എന്നാല്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ജസ്റ്റിസ് ടി.ആര്‍.രവി വ്യക്തമാക്കി. കാലാവധി പൂര്‍ത്തിയായ 142 കോടിയുടെ നിക്ഷേപമുണ്ടെന്നാണ് ബാങ്ക് ഹൈക്കോടതിയെ അറിയിച്ചത്.