News

സന്തോഷ് ട്രോഫി കിരീടത്തിൽ മുത്തമിട്ട് കർണാടക; ജേതാക്കളാകുന്നത് 54 വർഷത്തിന് ശേഷം

റിയാദ്: സന്തോഷ് ട്രോഫി കിരീടത്തില്‍ മുത്തമിട്ട് കര്‍ണാടക. കലാശപ്പോരില്‍ മേഘാലയയെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കര്‍ണാടക കിരീടം നേടിയത്. 54 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കര്‍ണാടക സന്തോഷ് ട്രോഫി കിരീടം നേടുന്നത്. കര്‍ണാടകയുടെ അഞ്ചാം സന്തോഷ് ട്രോഫിയില്‍ കിരീടനേട്ടമാണിത്.1946-47, 1952-53, 1967-68, 1968-69 സീസണുകളിലാണ് ഇതിന് മുന്നേയുള്ള കിരീടനേട്ടം.ആദ്യ കിരീടം മോഹിച്ചെത്തിയ മേഘാലയ നിരാശയോടെ മടങ്ങി.

സന്തോഷ് ട്രോഫി ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായി കലാശപ്പോരിനിറങ്ങിയ മേഘാലയെ ഞെട്ടിച്ചുകൊണ്ടാണ് കര്‍ണാടക തുടങ്ങിയത്. മത്സരം ആരംഭിച്ച് രണ്ടാം മിനിറ്റില്‍ തന്നെ കര്‍ണാടക വലകുലുക്കി. സുനില്‍ കുമാറാണ് ലീഡ് സമ്മാനിച്ചത്. എന്നാല്‍ കര്‍ണാടകയുടെ ആഹ്ലാദത്തിന് അധികം ആയുസ്സുണ്ടായില്ല. ഒമ്പതാം മിനിറ്റില്‍ ബ്രോലിങ്ടണിന്റെ പെനാല്‍റ്റിയിലൂടെ മേഘാലയ തിരിച്ചടിച്ചു. മേഘാലയ താരം ഷീനിനെ ബോക്‌സില്‍ വീഴ്ത്തിയതിനാണ് ടീമിന് പെനാല്‍റ്റി ലഭിച്ചത്.

പിന്നീട് ഉണര്‍ന്നുകളിച്ച കര്‍ണാടക മേഘാലയെ തീര്‍ത്തും പ്രതിരോധത്തിലാക്കി. 19-ാം മിനിറ്റില്‍ ബെകെ ഓറവും 45-ാം മിനിറ്റില്‍ ഉഗ്രന്‍ ഫ്രീ കിക്കിലൂടെ റോബിന്‍ യാദവും വലകുലുക്കിയതോടെ ആദ്യ പകുതി 3-1 ന് കര്‍ണാടക മുന്നിട്ടുനിന്നു.

രണ്ടാം പകുതിയില്‍ മേഘാലയ തിരിച്ചടിക്കാന്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തി. പിന്നാലെ മറുപടിയുമെത്തി. 60-ാം മിനിറ്റില്‍ നടത്തിയ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ പെനാല്‍റ്റി ബോക്‌സില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഷീന്‍ മികച്ച ഫിനിഷിലൂടെ ഗോളടിച്ചു. പിന്നാലെ ഇരുടീമുകളും നിരന്തരം ആക്രമിച്ചുകളിച്ചെങ്കിലും ഗോള്‍ നേടാനായില്ല. ഒടുവില്‍ മേഘാലയെ കീഴടക്കി കര്‍ണാടക സന്തോഷ് ട്രോഫി ജേതാക്കളായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button