കര്‍ണാടക: ദീപാവലിക്ക് വിലകൂടിയ സമ്മാനങ്ങള്‍ നല്‍കിയ കര്‍ണാടക ടൂറിസം മന്ത്രി ആനന്ദ് സിംഗിന്‍റെ നടപടി വിവാദത്തില്‍. ഒരു ലക്ഷം രൂപ, പതിനെട്ട് പവന്‍ സ്വര്‍ണം(144 ഗ്രാം സ്വര്‍ണം), ഒരു കിലോ വെള്ളി, കൂടാതെ പട്ടുസാരിയും മുണ്ടും ഡ്രൈ ഫ്രൂട്ട്സും അടങ്ങിയ സമ്മാനപൊതികളാണ് മന്ത്രി നല്‍കിയത്. മന്ത്രിയുടെ തന്നെ നിയോജകമണ്ഡലത്തിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അംഗങ്ങള്‍ക്കും ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ക്കുമാണ് ഗിഫ്റ്റ് ബോക്സ് നല്‍കിയത്. ആനന്ദ് സിംഗിന്‍റെ വീട്ടില്‍ നടക്കുന്ന ലക്ഷ്മി പൂജയിലേക്ക് ക്ഷണം നല്‍കിക്കൊണ്ടുള്ള പൊതിയിലായിരുന്നു വിലകൂടിയ സമ്മാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്.
കൊത്ത് പണികളോട് കൂടി ബോക്സിലായി രണ്ട് സെറ്റ് സമ്മാന പൊതികളാണ് ഇത്തരത്തില്‍ വിതരണം ചെയ്തത്. പഞ്ചായത്ത് അംഗങ്ങള്‍ക്കുള്ള സമ്മാന പൊതികളില്‍ സ്വര്‍ണം ഇല്ലായിരുന്നു. എന്നാല്‍ കുറച്ച് പണമുണ്ടായിരുന്നു. ഹോസ്പേട്ട് നിയോജക മണ്ഡലത്തില്‍ 35 തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും അഞ്ച് നോമിനേറ്റഡ് അംഗങ്ങളുമാണ് ഉള്ളത്. പത്ത് ഗ്രാമ പഞ്ചായത്തുകളിലായി 182 അംഗങ്ങളാണുള്ളത്. ഇവരില്‍ ചിലര്‍ ആനന്ദ് സിംഗിന്‍റെ സമ്മാനങ്ങള്‍ നിരസിച്ചിട്ടുണ്ട്. അസംബ്ലി തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് ആനന്ദ് സിംഗിന്‍റെ നീക്കമെന്നാണ് ഇവരുടെ പ്രതികരണം.
എന്നാല്‍ ആനന്ദ് സിംഗിന്‍റെ അണികളുടെ പ്രതികരണം അനുസരിച്ച് എല്ലാ വര്‍ഷവും ദീപാവലി സമയത്ത് ആനന്ദ് സിംഗ് ഇത്തരത്തില്‍ സമ്മാനങ്ങള്‍ നല്‍കാറുള്ളതാണ്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യമായതുകൊണ്ട് മാത്രമാണ് ഇത്തവണ സമ്മാനം കൊടുപ്പ് വിവാദമായതെന്നുമാണ് ഇവരുടെ പ്രതികരണം. എല്ലാം ഗണേശ ഉല്‍സവത്തിനും ദീപാവലിക്കും സിംഗ് സമ്മാനങ്ങള്‍ നല്‍കാറുണ്ട്.
ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്കും തെരഞ്ഞെടുത്ത അംഗങ്ങള്‍ക്കുമാണ് ഇതെന്നും ഹോസ്പേട്ടിലെ ആനന്ദ് സിംഗ് അനുകൂലി ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. സമ്മാനങ്ങളുടെ ചിത്രങ്ങൾ പുറത്തായതോടെ വിഷയം ഏറെ ചര്‍ച്ചയാവുകയാണ്. മന്ത്രി ആനന്ദ് സിംഗിന് എതിരെ നേരത്തെയും കമ്മീഷന്‍ ആരോപണം ഉയര്‍ന്നതാണ്. എന്നാല്‍ വിവാദങ്ങള്‍ അനാവശ്യമെന്നും വിലകൂടിയ ഗിഫ്റ്റ് ബോക്സുകള്‍ തന്‍റെ സനേഹസമ്മാനം മാത്രമെന്നുമാണ് മന്ത്രിയുടെ പ്രതികരണം.