NationalNews

കർണാടകയിലെ ഹിജാബ് നിരോധനം നീക്കാൻ നടപടിയുമായി സർക്കാര്‍; എല്ലാ റിക്രൂട്ട്മെന്‍റ് പരീക്ഷകളിലും ഹിജാബ് ധരിക്കാം

ബംഗളൂരു: കര്‍ണാടകയില്‍ ഏറെ വിവാദങ്ങള്‍ക്കിടയാക്കി ഹിജാബ് നിരോധനം നീക്കാനുള്ള നടപടികളുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍. കർണാടക സർക്കാ‍ർ നടത്തുന്ന എല്ലാ റിക്രൂട്ട്മെന്‍റ് മത്സരപ്പരീക്ഷകളിൽ നിന്നും ഹിജാബ് നിരോധനം നീക്കി. ഇതോടെ കർണാടക എക്സാമിനേഷൻസ് അതോറിറ്റി നടത്തുന്ന എല്ലാ റിക്രൂട്ട്മെന്‍റ് പരീക്ഷകൾക്കും ഇനി ഹിജാബ് ധരിച്ച് പങ്കെടുക്കാം. 

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം നീക്കാന്‍ നിയമ നിര്‍മാണം ആവശ്യമാണെങ്കിലും അതിന് മുന്നോടിയായി റിക്രൂട്ട്മെന്‍റ് പരീക്ഷകളില്‍ ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കികൊണ്ടുള്ള നിര്‍ണായക തീരുമാനമാണ് സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. കർണാടക സർക്കാരിന്‍റെ ഉന്നതവിദ്യാഭ്യാസ കോഴ്സുകളിലേക്കുള്ള പരീക്ഷാ സമിതിയാണ് കർണാടക എക്സാമിനേഷൻസ് അതോറിറ്റി (കെഇഎ). 

ഹിജാബ് ധരിക്കുന്നത് വിലക്കുന്നത് മത്സരാർഥിയുടെ അടിസ്ഥാന അവകാശത്തെ ഹനിക്കലാണെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി എം സി സുധാകർ പറഞ്ഞു. ഘട്ടം ഘട്ടമായി എല്ലാ പരീക്ഷകളിൽ നിന്നും ഹിജാബ് നിരോധനം നീക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സർക്കാർ ഹിജാബ് നിരോധനത്തിൽ നിയമനിർമാണം നടത്തിയതിനാൽ ഒറ്റയടിക്ക് ഹിജാബ് നിരോധനം നീക്കാനാകില്ല. എല്ലാ പരീക്ഷകളിൽ നിന്നും ഹിജാബ് നിരോധനം നീക്കാൻ ഭരണഘടനാപരമായ നടപടികൾ സ്വീകരിക്കും. പരീക്ഷകൾക്ക് മുമ്പ് കൃത്യവും കർശനവുമായ പരിശോധനകൾ ഉണ്ടാകും. അതിനായി മത്സരാർഥികൾ ഒരു മണിക്കൂർ മുമ്പ് പരീക്ഷാ കേന്ദ്രത്തിലെത്തണമെന്നും മന്ത്രി എം.സി സുധാകര്‍ പറഞ്ഞു. 

പുതിയ ഉത്തരവോടെ ഈ മാസം അവസാനം നടക്കാനിരിക്കുന്ന അ‌ഞ്ച് കോർപ്പറേഷനുകളിലേക്കും രണ്ട് ബോർഡുകളിലേക്കുമുള്ള റിക്രൂട്ട്മെന്‍റ് പരീക്ഷകൾക്ക് മത്സരാർഥികൾക്ക് ഹിജാബ് ധരിച്ച് പങ്കെടുക്കാം.ഒക്ടോബര്‍ 28, 29 തീയതികളിലാണ് സര്‍ക്കാര്‍ സര്‍വീസുകളിലേക്കുള്ള റിക്രൂട്ട്മെന്‍റ് പരീക്ഷകള്‍ നടക്കുന്നത്.

കർണാടകയിൽ കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഹിജാബ് നിരോധനം നീക്കൽ. കർണാടകയിൽ ബിജെപി സർക്കാർ കൊണ്ടുവന്ന ഹിജാബ് നിരോധന ഉത്തരവ് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് കർണാടകയിലെ എല്ലാ കോളേജുകളിലും യൂണിഫോമുകളോ ഡ്രസ് കോഡുകളോ നിർബന്ധമാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.

ഹിജാബ് അടക്കമുള്ള മതചിഹ്നങ്ങൾ ധരിച്ച് കോളേജുകളിലെത്തരുത് എന്നായിരുന്നു അന്നത്തെ ബിജെപി സർക്കാർ പുറത്തിറക്കിയ ഉത്തരവ്. പരീക്ഷകളിലും ഈ ഉത്തരവ് ബാധകമായിരുന്നു. ഇതിനെതിരെ വിദ്യാർഥിനികൾ കർണാടക ഹൈക്കോടതിയിലെത്തിയെങ്കിലും കോടതി സർക്കാർ ഉത്തരവ് ശരിവച്ചു.

സുപ്രീംകോടതിയിൽ നൽകിയ അപ്പീലിൽ ഭിന്നവിധിയാണ് ഉണ്ടായത്. തുടർന്ന് ഹിജാബ് നിരോധനം പരിഗണിയ്ക്കാൻ സുപ്രീംകോടതി ഭരണഘടനാ ബഞ്ച് രൂപീകരിക്കാനിരിക്കേയാണ് കോൺഗ്രസ് സർക്കാർ വിദ്യാഭ്യാസവകുപ്പ് നടത്തുന്ന റിക്രൂട്ട്മെന്‍റ് പരീക്ഷകളിൽ നിന്ന് ഹിജാബ് നിരോധനം നീക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസ് മുറികളിലും പരീക്ഷകളിലും മറ്റു പൊതുപരീക്ഷകളിലും ഹിജാബിന് നിരോധനമേര്‍പ്പെടുത്തിയത് കര്‍ണാടകയില്‍ വലിയ വിവാദവും പ്രതിഷേധങ്ങള്‍ക്കും  കാരണമായിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button