കൊച്ചി: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ നിർണായക പങ്കുണ്ടെന്ന് സംശയിക്കുന്ന കണ്ണൂർ സംഘത്തിലെ പ്രധാനി അർജുൻ ആയങ്കി അറസ്റ്റിൽ. കൊച്ചി കസ്റ്റംസാണ് അറസ്റ്റുചെയ്തത്. മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനൊടുവിൽ വൈകുന്നേരത്തോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വർണക്കള്ളക്കത്ത് കേസിൽ ഇന്ന് രാവിലെ അർജുൻ ആയങ്കി ചോദ്യം ചെയ്യലിനായി കസ്റ്റംസിന് മുന്നിൽ ഹാജരായിരുന്നു. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലാണ് ഹാജരായത്. അഭിഭാഷകർക്കൊപ്പമാണ് അർജുൻ എത്തിയത്. പിന്നീട് കസ്റ്റംസ് കസ്റ്റിയിലെടുത്തു.
രാമനാട്ടുകരയിൽ അഞ്ച് പേർ കാറപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് സ്വർണ്ണക്കടത്തിലേക്കും അത് തട്ടിയെടുക്കുന്ന സംഘത്തിലേക്കും അതുവഴി അർജുൻ ആയങ്കിയിലേക്കും എത്തിയത്. കൂടാതെ പങ്കാളിത്തം സംബന്ധിച്ച ശബ്ദരേഖയും പുറത്തുവന്നിരുന്നു. സ്വർണക്കടത്ത് കേസിൽ ആദ്യം പിടിയിലായ മുഹമ്മദ് ഷഫീഖ് കടത്തിയ സ്വർണത്തിൽ രണ്ടരക്കിലോ അർജുൻ ആയങ്കിക്ക് വേണ്ടിയാണെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിനായി അർജുൻ ആയങ്കിയോട് ഹാജരാവാൻ കസ്റ്റംസ് ആവശ്യപ്പെട്ടത്.
കരിപ്പൂർ വിമാനത്താവളത്തിലൂടെ കള്ളക്കടത്ത് സ്വർണ്ണം കടത്താനും അത് തട്ടിയെടുക്കാനുമായി നിരവധി സംഘങ്ങൾ അന്നേ ദിവസം എത്തിയിരുന്നു. സംഭവദിവസം അർജുൻ ആയങ്കിയും കരിപ്പൂരിൽ എത്തിയതിന്റെ തെളിവ് പുറത്തുവന്നിരുന്നു. കടത്തിക്കൊണ്ടുവന്ന സ്വർണം വിമാനത്താവളത്തിൽ വച്ച് കസ്റ്റംസ് പിടികൂടിയതോടെയാണ് പദ്ധതി പൊളിഞ്ഞത്.
അർജുൻ എത്തിയ ചുവന്ന സ്വിഫ്റ്റ് കാർ പിന്നീട് കണ്ണൂർ അഴീക്കോട് ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെടുകയും പോലീസ് എത്തും മുന്നെ അവിടെ നിന്ന് മാറ്റുകയും ചെയ്തു. എന്നാൽ ഞായറാഴ്ച മറ്റൊരിടത്ത് കാർ കണ്ടെത്തി. ഡിവൈഎഫ്ഐ നേതാവിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കാറിലാണ് അർജുൻ എത്തിയതെന്ന് തെളിഞ്ഞതോടെ ഈ വാഹന ഉടമയെ ഡിവൈഎഫ്ഐയിൽ നിന്ന് പിന്നീട് പുറത്താക്കി.
കള്ളക്കടത്ത് സ്വർണ്ണം തട്ടിയെടുക്കുന്ന ‘പൊട്ടിക്കൽ’ പലതവണ അർജുൻ ആയങ്കി നടത്തിയതായാണ് കസ്റ്റംസിന് വിവരം ലഭിച്ചത്. അങ്ങനെ എങ്കിൽ എത്ര തവണ എത്ര അളവിലുള്ള സ്വർണം തട്ടിയെടുത്തു, സംഘത്തിൽ ആയങ്കിയെ കൂടാതെ മറ്റ് ആർക്കൊക്കെ പങ്ക് എന്നീ കാര്യങ്ങളിൽ വിശദമായ ചോദ്യം ചെയ്യലോടെ വിവരം ലഭിക്കുമെന്നാണ് കസ്റ്റംസ് കരുതുന്നത്. അർജുൻ ഇരുപതോളം തവണ ഇത്തരത്തിൽ കളളക്കടത്ത് സ്വർണം തട്ടിയെടുത്തെന്നാണ് സംശയിക്കുന്നത്. അർജുൻ ആയങ്കി സിപിഎം നേതാക്കൾക്കൊപ്പം നിൽക്കുന്ന പഴയ ചിത്രങ്ങൾ ഇതിനിടെ പുറത്തുവന്നിരുന്നു. ഡിവൈഎഫ്ഐയിൽ നിന്ന് അർജുനെ നേരത്തെ തന്നെ പുറത്താക്കിയെന്ന് സംഘടന അറിയിച്ചിരുന്നു.