KeralaNews

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സി.പി.എമ്മിന് എല്ലാമറിയാമായിരുന്നു; ശബ്ദരേഖ പുറത്ത്

തൃശൂര്‍: കോടികളുടെ വായ്പാ തട്ടിപ്പു നടന്ന ഇരിങ്ങാലക്കുട കരുവന്നൂര്‍ സര്‍വീസ് സഹകരണബാങ്കിലെ കള്ളക്കളികളെക്കുറിച്ച് സി.പി.എമ്മിന് തുടക്കം മുതല്‍ക്കേ അറിയാമായിരുന്നുവെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. തട്ടിപ്പിന്റെ കാര്യങ്ങളെക്കറിച്ച് പാര്‍ട്ടി യോഗത്തില്‍ ചര്‍ച്ച നടന്നതിന്റെ ശബ്ദരേഖ പുറത്തുവന്നു. ഇതോടെ സി.പി.എം കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്.

2018 ഡിസംബര്‍ എട്ടിന് മാടായിക്കോണം ബ്രാഞ്ച് കരുവന്നൂര്‍ വായ്പാ തട്ടിപ്പ് വിഷയം ചര്‍ച്ച ചെയ്തിരുന്നു. ബാങ്ക് ഭരണസമിതി പ്രസിഡന്റ് കൂടി അംഗമായ ബ്രാഞ്ചില്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിലാണ് വിമര്‍ശനം ഉയര്‍ന്നത്. പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി രാജു മാസ്റ്ററാണ് വിമര്‍ശനം ഉന്നയിച്ചത്. തട്ടിപ്പ് നടക്കുന്നതില്‍ തനിക്ക് പങ്കില്ലെന്ന് പ്രസിഡന്റ് യോഗത്തില്‍ വിശദീകരിക്കുന്നതും ശബ്ദരേഖയില്‍ കേള്‍ക്കാം.

ബിനാമി ലോണുകളെ സംബന്ധിച്ചും വായ്പാ പരിധിയേക്കാളും കൂടുതല്‍ വായ്പ നല്‍കിയതിനെയും കുറിച്ചും അന്നത്തെ ബ്രാഞ്ച് യോഗത്തില്‍ കടുത്ത വിമര്‍ശനമുണ്ടായെന്ന് ശബ്ദരേഖ വ്യക്തമാക്കുന്നു. അഞ്ചും ആറും ലോണുകള്‍ ഒരേ വസ്തുവിന്മേല്‍ നല്‍കുന്നുണ്ടെന്നും ഉടമസ്ഥര്‍ അറിയാതെയാണ് ഇതൊക്കെ നടക്കുന്നതെന്നും യോഗത്തില്‍ വിമര്‍ശിക്കുന്നുണ്ട്. ബിനാമി ലോണുകള്‍ പുതുക്കേണ്ടതില്ല എന്ന തീരുമാനവും ലംഘിച്ചതായി പറയുന്നത് കേള്‍ക്കാം.

ഒരു വായ്പ തിരിച്ചു പിടിക്കാന്‍ ചെന്ന ഭരണ സമിതി വനിതാ അംഗത്തെ വീട്ടുകാര്‍ പൂട്ടിയിട്ട സാഹചര്യമുണ്ടായപ്പോഴാണ് വിഷയം ബ്രാഞ്ച് യോഗത്തില്‍ ചര്‍ച്ചയ്ക്കു വന്നത്. ഡയറക്ടര്‍ ബോര്‍ഡംഗത്തെ പൂട്ടിയിട്ട വിഷയം പോലീസില്‍ അറിയിക്കാതിരുന്നത് വായ്പാ തട്ടിപ്പു വിഷയം പുറത്തറിയുമെന്ന് ഭയന്നിട്ടാണെന്നും ശബ്ദരേഖയില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button