തൃശ്ശൂര്‍: ചാലക്കുടിയില്‍ പോലീസ് ജീപ്പ് അടിച്ചുതകര്‍ത്ത കേസില്‍ പ്രതിയായ ഡി.വൈ.എഫ്.ഐ. നേതാവിനെ കാപ്പ ചുമത്തി നാടുകടത്താന്‍ ഉത്തരവ്. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് പ്രസിഡന്റായ നിധിന്‍ പുല്ലനെയാണ് ആറുമാസത്തേക്ക് നാടുകടത്താന്‍ ഡി.ഐ.ജി. അജിതാ ബീഗം ഉത്തരവിട്ടത്.
കഴിഞ്ഞ ഡിസംബര്‍ 22-ന് ഐ.ടി.ഐ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെയാണ് ഡി.വൈ.എഫ്.ഐ-എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ പോലീസിനെ ആക്രമിച്ചത്. നിധിന്‍ പുല്ലന്‍ അടക്കമുള്ള പ്രവര്‍ത്തകര്‍ ബോണറ്റിന് മുകളില്‍ കയറി പോലീസ് ജീപ്പ് അടിച്ചുതകര്‍ക്കുകയായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്തെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിയെ ബലംപ്രയോഗിച്ച് മോചിപ്പിച്ചു. ഒടുവില്‍ പിറ്റേദിവസം സുഹൃത്തിന്റെ വീട്ടില്‍നിന്നാണ് നിധിന്‍ പുല്ലനെ പോലീസ് പിടികൂടിയത്.
പോലീസ് ജീപ്പ് തല്ലിത്തകര്‍ത്ത കേസില്‍ 54 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ഫെബ്രുവരി 13-നാണ് നിധിന്‍ പുല്ലന് കോടതി ജാമ്യം അനുവദിച്ചത്. ഇതിനുപിന്നാലെയാണ് പ്രതിക്കെതിരേ കാപ്പ ചുമത്താനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചത്.