ഡൽഹി:സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാന്‍ സാധിക്കാത്തതിന്റെ പേരില്‍ രാജിവച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന് ഉടന്‍ തിരിച്ചു ജോലിയില്‍ പ്രവേശിക്കാനാവശ്യപ്പെട്ട് നോട്ടീസ്. രാജിക്കാര്യത്തില്‍ തീരുമാനമാകുന്നതുവരെ ജോലിയില്‍ തുടരാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കേന്ദ്രഭരണപ്രദേശങ്ങളായ ദാമന്‍ ദിയു, ദാദ്രനദര്‍ ഹവേലി എന്നിവിടങ്ങളിലെ വൈദ്യുത പാരമ്പര്യേതര ഊര്‍ജവകുപ്പ് സെക്രട്ടറിയായിരുന്നു കണ്ണന്‍. ജമ്മുകശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സ്വതന്ത്ര അഭിപ്രായം രേഖപ്പെടുത്താന്‍ സാധിക്കില്ലെന്നും പൗരന്മാരെ സേവിക്കുന്നതിന് ഐഎഎസ് വിലങ്ങുതടിയാകുന്നുവെന്നും കാട്ടി ആഗസ്ത് 21നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു രാജിക്കത്ത് നല്‍കിയത്.
രാജിക്കത്തു സ്വീകരിച്ചുകഴിഞ്ഞ ശേഷമേ രാജി നിലവില്‍ വരൂവെന്നും സില്‍വാസയില്‍ അദ്ദേഹം താമസിച്ചിരുന്ന ഗസ്റ്റ്ഹൗസിന്റെ വാതിലില്‍ പതിപ്പിച്ച നോട്ടീസില്‍ പറയുന്നു. ദാമന്‍ ദിയു ഭരണകൂടമാണ് നോട്ടീസ് അയച്ചത്. നോട്ടീസ് ലഭിച്ചെന്നറിയിച്ച കണ്ണന്‍ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.