കൊവിഡ് കാലത്ത് ആംബുലൻസ് ഡ്രൈവറായി സിനിമാ നടൻ, കയ്യടിച്ച് ജനം

ബെംഗലുരു:കൊവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗം രാജ്യത്തെ വലിയ തോതില്‍ പിടിച്ചുലയ്ക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുന്ന രോഗികളുടെ എണ്ണം, മരണനിരക്ക് എന്നിവയെല്ലാം ആരോഗ്യമേഖലയെ കനത്ത പ്രതിസന്ധിയിലാണ് കൊണ്ടെത്തിക്കുന്നത്. രാജ്യത്ത് പലയിടങ്ങളിലും ഓക്‌സിജന്‍ ലഭ്യമാകാതെ രോഗികള്‍ മരിച്ചുവീഴുന്ന കാഴ്ച പോലും നമുക്ക് മുന്നിലെത്തി.

ഇതിനിടെ അവധിക്കാല ചിത്രങ്ങളും ആഘോഷങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന സിനിമാതാരങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. മിക്ക താരങ്ങളും ഈ കൊവിഡ് പ്രതിസന്ധിഘട്ടത്തെ അവധിക്കാലമായാണ് ഉള്‍ക്കൊണ്ടിരിക്കുന്നത്. എന്നാല്‍ അതിന്റെ വിശേഷങ്ങള്‍ മറ്റുള്ളവരുമായി പരസ്യമായി പങ്കുവയ്ക്കുന്നത് പക്വതയില്ലായ്മയാണ് എന്ന തരത്തിലാണ് വിമര്‍ശനങ്ങളുയരുന്നത്. സിനിമാമേഖലയില്‍ നിന്നുള്ളവര്‍ തന്നെ ഇക്കാര്യം സൂചിപ്പിക്കുകയുമുണ്ടായി.

ഇതിനിടെ വ്യത്യസ്തമായ രീതിയില്‍ ചര്‍ച്ചകളില്‍ ഇടം നേടുകയാണ് കന്നഡ സിനിമാതാരമായ അര്‍ജുന്‍ ഗൗഡ. കൊവിഡ് കാലത്ത് ആംബുലന്‍സ് ഡ്രൈവറായി സേവനമനുഷ്ടിക്കുകയാണ് അദ്ദേഹം. സ്വന്തം ഇഷ്ടപ്രകാരമാണ് ഈ പ്രതിസന്ധിഘട്ടത്തില്‍ താന്‍ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്നാണ് നടന്‍ അറിയിക്കുന്നത്. തന്നാല്‍ കഴിയുന്ന എന്തെങ്കിലും ചെയ്യണമെന്ന് തോന്നി, ഇങ്ങനെയൊരു മാര്‍ഗം തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അര്‍ജുന്‍ പറഞ്ഞു.

നിലവില്‍ ബെംഗലൂരു കേന്ദ്രീകരിച്ചാണ് അര്‍ജുന്‍ പ്രവര്‍ത്തിക്കുന്നത്. ഏതാനും ദിവസങ്ങളായി നഗരത്തിന്റെ പലയിടങ്ങളിലും താരം ആംബുലന്‍സ് സര്‍വീസ് നടത്തി. ഇതിനിടെ തന്നെ അര ഡസനിലധികം പേര്‍ക്ക് സഹായമെത്തിക്കാന്‍ തനിക്ക് കഴിഞ്ഞുവെന്നാണ് താരം അറിയിക്കുന്നത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കാരവുമായി ബന്ധപ്പെട്ടാണ് അധികവും അര്‍ജുന്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.

‘ഞാന്‍ എന്റെ സുരക്ഷയ്ക്ക് ആവശ്യമായ മുന്‍കരുതലുകളെല്ലാം എടുത്തിട്ടുണ്ട്. ആവശ്യമായ പരിശീലനവും നേടിയിട്ടുണ്ട്. സഹായം വേണ്ടവര്‍ ആരാണോ, അവര്‍ എവിടഡെ നിന്ന് വരുന്നു ഏത് മതത്തില്‍ പെടുന്നു, ഏത് ജാതിയില്‍ പെടുന്നു എന്നൊന്നും ഞാന്‍ നോക്കുന്നില്ല. എന്നാല്‍ കഴിയുന്നത് ചെയ്യാന്‍ ശ്രമിക്കുന്നു. ഇപ്പോള്‍ ധാരാളം പേര്‍ അനുമോദനങ്ങളറിയിക്കുന്നുണ്ട്. ഒരുപാട് സന്തോഷമുണ്ട് അതില്‍. പക്ഷേ ഇതെന്റെ കടമയായിട്ടാണ് ഞാന്‍ കണക്കാക്കുന്നത്…’- അര്‍ജുന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News