പട്ന: കോണ്‍ഗ്രസില്ലാതെ രാജ്യത്തിന് അതിജീവിക്കാന്‍ കഴിയില്ലെന്ന് സി.പി.ഐ വിട്ട് കോണ്‍ഗ്രസിലെത്തിയ കനയ്യ കുമാര്‍. കോണ്‍ഗ്രസ് ഒരു പാര്‍ട്ടി മാത്രമല്ലെന്നും ഒരു ആശയമാണെന്നും അതുകൊണ്ടാണ് താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും കനയ്യ പറഞ്ഞു.
”ഞാന്‍ കോണ്‍ഗ്രസില്‍ ചേരുന്നു, കാരണം ഇത് ഒരു പാര്‍ട്ടി മാത്രമല്ല, ഒരു ആശയമാണ്. ഇത് രാജ്യത്തെ ഏറ്റവും പഴയതും ജനാധിപത്യപരവുമായ പാര്‍ട്ടിയാണ്, ഞാന്‍ ജനാധിപത്യത്തിന് പ്രാധാന്യം നല്‍കുന്നു. കോണ്‍ഗ്രസില്ലാതെ, രാജ്യത്തിന് നിലനില്‍ക്കാനാവില്ലെന്ന് ഞാന്‍ മാത്രമല്ല പലരും കരുതുന്നു,” കോണ്‍ഗ്രസില്‍ ചേര്‍ന്ന ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ കനയ്യ കുമാര്‍ പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടി ഒരു വലിയ കപ്പല്‍ പോലെയാണെന്നും പാര്‍ട്ടി രക്ഷിക്കപ്പെടുകയാണെങ്കില്‍, അനേകം ആളുകളുടെ അഭിലാഷങ്ങള്‍ സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ”കോണ്‍ഗ്രസ് പാര്‍ട്ടി ഒരു വലിയ കപ്പല്‍ പോലെയാണ്. അത് രക്ഷിക്കപ്പെടുകയാണെങ്കില്‍, അനേകം ആളുകളുടെ അഭിലാഷങ്ങള്‍ സാധ്യമാകും. മഹാത്മാഗാന്ധിയുടെ ഏകത്വം, ഭഗത് സിംഗിന്റെ ധൈര്യം, ബി.ആര്‍. അംബേദ്കറുടെ തുല്യത എന്ന ആശയം എന്നിവയെല്ലാം സാധ്യമാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്, അതിനാലാണ് ഞാന്‍ അതില്‍ ചേര്‍ന്നത്,” അദ്ദേഹം പറയുന്നു.
ചൊവ്വാഴ്ചയാണ് കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കനയ്യ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു. അതേസമയം, കനയ്യയുടേത് കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള വഞ്ചനയാണെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ പറഞ്ഞു.