മുംബൈ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്കെതിരെ വീണ്ടും പരിഹാസവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. ഗാന്ധിയുടെ അഹിംസാവാദത്തെയാണ് താരം പരിഹസിച്ചത്. കൂടാതെ, ഭഗത് സിംഗിനെയും സുഭാഷ് ചന്ദ്ര ബോസിനെയും ഗാന്ധി ഒരിക്കലും പിന്തുണച്ചിട്ടില്ലെന്നും ആരോപിച്ചു. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പത്മശ്രീ പുരസ്കാരം നേടിയ താരം ഗാന്ധിയെ പരിഹസിച്ചത്.
1947ല്‍ ലഭിച്ച സ്വാതന്ത്ര്യം ഭിക്ഷയായിരുന്നു എന്ന തന്റെ ആദ്യ വാദത്തെ പിന്തുണച്ചുകൊണ്ടായിരുന്നു കങ്കണയുടെ പുതിയ വാദം. പഴയ ഒരു പത്രവാര്‍ത്ത പങ്കുവച്ചുകൊണ്ട്, നേതാക്കളെ തെരഞ്ഞെടുക്കുമ്പോള്‍ സൂക്ഷിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് താരം ഈ വാദങ്ങള്‍ ഉയര്‍ത്തിയത്.
ഒരു കവിളത്ത് അടിക്കുമ്പോള്‍ അടുത്ത കവിള് കാണിച്ചുകൊടുത്താല്‍ സ്വാതന്ത്ര്യം ലഭിക്കില്ല. അങ്ങനെ ചെയ്താല്‍ ഭിക്ഷയാണ് ലഭിക്കുക. ഭഗത് സിംഗ് തൂക്കിലേറ്റപ്പെടാന്‍ ഗാന്ധി ആഗ്രഹിച്ചിരുന്നു എന്ന് തെളിവുണ്ട് എന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.