പാലക്കാട് :കഞ്ചിക്കോട് മദ്യദുരന്തത്തില്‍ വനവാസികള്‍ കഴിച്ചത് വിഷമദ്യം തന്നെയെന്ന് പ്രാഥമിക നിഗമനം. രാസപരിശോധനാ ഫലത്തിന് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കുകയുള്ളു. മരിച്ചവരില്‍ ഒരാളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി മറ്റ് നാല് പേരുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. മരിച്ചവരില്‍ സംസ്കാരം നടത്തിയ രണ്ടു പേരുടെ മൃതദേഹം ഇന്നലെ വൈകീട്ടോടെ പുറത്തെടുത്തിരുന്നു.
കഞ്ചിക്കോട് ചെല്ലന്‍കാവ് മൂര്‍ത്തി, രാമന്‍, അയ്യപ്പന്‍, ശിവന്‍ എന്നിവരാണ് നേരത്തെ മരിച്ചത്. തിങ്കളാഴ്ച രാവിലെ ശിവനെ മരിച്ച നിലയില്‍ കണ്ടതോടെയാണ് മദ്യദുരന്തമെന്ന സംശയം ഉയരുന്നത്. ഇവരെല്ലാം കഴിഞ്ഞ ദിവസം അമിതമായി മദ്യപിച്ചിരുന്നെന്നും ശിവനാണ് മദ്യമെത്തിച്ചതെന്നും കോളനി നിവാസികള്‍ പറഞ്ഞു. ഒന്‍പതു പേരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്നലെയും ഇന്നുമായി ചെല്ലങ്കാവ് ആദിവാസി കോളനിയിലുള്ളവരാണ് മരിച്ചത്.
ശിവന്റെ മരണത്തെതുടര്‍ന്ന് ഒമ്പത് പേരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു, എന്നാല്‍ ഇതില്‍ മൂര്‍ത്തി എന്ന ആള്‍ ആശുപത്രിയില്‍ നിന്നും ചാടി പോവുകയും പിന്നീട് അവശനിലയില്‍ സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും പോലീസ് പിടികൂടുകയുമായിരുന്നു, പക്ഷേ മൂര്‍ത്തിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കെ രാത്രി ഒമ്പത് മണിയോടെയാണ് അരുണ്‍ എന്നയാള്‍ മരിച്ചത്. മരിച്ചവരില്‍ ശിവന്റെ പോസ്റ്റ്മോര്‍ട്ടം മാത്രമേ പൂര്‍ത്തിയായിട്ടുള്ളു മറ്റു നാലുപേരുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും.
വെള്ളം കലര്‍ത്തുമ്പോള്‍ പാലുപോലെ പതഞ്ഞുപൊങ്ങുന്ന ദ്രാവകമാണ് കുടിച്ചത് എന്നാണ് ഇവർ പറയുന്നത്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ മദ്യത്തില്‍ എന്താണ് കലര്‍ന്നത് എന്നത് സംബന്ധിച്ച് വ്യക്തത ലഭിക്കുകയുള്ളൂ. ലഹരിക്ക് വീര്യം കൂട്ടാന്‍ സാനിറ്റൈസറോ സ്പിരിറ്റോ ഉപയോഗിച്ചെന്നാണ് പ്രാഥമിക നിഗമനം. നിലവില്‍ മദ്യം കഴിച്ചവരില്‍ 7 പേര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
അതേസമയം ഇടതുഭരണത്തില്‍ സംസ്ഥാനത്ത് വ്യാജ മദ്യലോബി പിടിമുറുക്കുന്നതിന്റെ തെളിവാണ് 5 വനവാസികളുടെ മരണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണ കുമാര്‍ ആരോപിച്ചു. ചില ഉദ്യോഗസ്ഥരുടെ പിന്തുണയോടെയാണ് ഇത്തരം ലോബികള്‍ പ്രവര്‍ത്തിക്കുന്നത്. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.