NationalNews

പശ്ചിമ ബംഗാള്‍ ട്രെയിന്‍ അപകടം: കാരണമിതാണ്‌;കാഞ്ചൻജംഗ എക്സ്‍‍പ്രസിൽ കവച് സംവിധാനമില്ല: റെയിൽവേ

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ ഡാർജിലിങ്ങിൽ ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച കാഞ്ചൻജംഗ എക്സ്പ്രസിൽ കൂട്ടിയിടി ഒഴിവാക്കുന്ന റെയിൽവേയുടെ കവച് സംവിധാനം ഇല്ലായിരുന്നുവെന്ന് റെയിൽവേ ബോർഡ് ചെയർമാനും സിഇഒയുമായ ജയ വർമ സിൻഹ. സിഗ്നൽ അവഗണിച്ചതാണ് അപകടത്തിൻ്റെ കാരണമായി പ്രാഥമികമായി വിലയിരുത്തുന്നതെന്നും വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്നും അവർ പറഞ്ഞു. മാനുഷിക പിഴവുകൾ നിയന്ത്രിക്കാനായി കവച് സംവിധാനം സ്ഥാപിക്കുന്നതിൻ്റെ അനിവാര്യതയും ജയ വർമ സിൻഹ ചൂണ്ടിക്കാട്ടി.

മാനുഷിക പിഴവ് മൂലമാണ് അപകടമുണ്ടായതെന്നാണ് പ്രാഥമികമായി വിലയിരുത്തുന്നത്. സൂചനകൾ പ്രകാരം, സിഗ്നൽ അവഗണിച്ചതാണ് അപകടകാരണമായി കണക്കാക്കുന്നത്. പശ്ചിമ ബംഗാൾ ഉൾപ്പെടുന്ന ഡൽഹി – ഹൗറ റൂട്ടിൽ കവച് സംവിധാനം സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു. നിലവിൽ 1500 കിലോമീറ്റർ റൂട്ടിൽ കവച് സ്ഥാപിച്ചു കഴിഞ്ഞു. ഈ വ‍ർഷം 3000 കിലോമീറ്റലധികം റൂട്ടിലേക്ക് കവച് സ്ഥാപിക്കും. അടുത്ത വർഷം 3000 കിലോമീറ്റലധികം റൂട്ടിലേക്ക് കവച്ച് എത്തിക്കാനാണ് ആലോചനയെന്നും ജയ വർമ സിൻഹ വ്യക്തമാക്കി.

ട്രെയിനിൻ്റെ വേഗത നിയന്ത്രിക്കാനുള്ള ഓട്ടോമാറ്റിക് സംവിധാനമാണ് കവച്. വേഗത നിയന്ത്രിക്കാൻ ലോക്കോപൈലറ്റിന് സാധിച്ചില്ലെങ്കിൽ ഓട്ടോമാറ്റിക്കായി കവച് സംവിധാനം പ്രവർത്തിച്ച് ട്രെയിനിൻ്റെ വേഗത നിയന്ത്രിക്കും. ലോക്കോപൈലറ്റ് സിഗ്നൽ അവഗണിക്കുകയോ വേഗപരിധി കടക്കുകയോ ചെയ്താലും അപകടമൊഴിവാക്കാനായി കവച് സംവിധാനം പ്രവർത്തിക്കും. ലോക്കോപൈലറ്റിന് അലേർട്ട് നൽകാനും ട്രെയിൻ നിർത്താനും സംവിധാനത്തിനാകും.

മൂടൽ മഞ്ഞ് അടക്കമുള്ള പ്രതികൂല കാലാവസ്ഥയിൽ ട്രെയിൻ സർവീസ് നടത്താൻ കവച് സംവിധാനം സഹായിക്കും. സർവീസിനിടെ ട്രാക്കിലേക്ക് മറ്റൊരു ട്രെയിൻ കയറിയാൽ കവച് സംവിധാനം ഇത് തിരിച്ചറിഞ്ഞ് ഓട്ടോമാറ്റിക്കായി ട്രെയിൻ നിർത്തിക്കും. ഇന്ത്യയിലെ വിവിധ കമ്പനികളുമായി സഹകരിച്ച് റിസർച്ച് ഡിസൈൻ ആൻ്റ് സ്റ്റാൻഡേ‍ർഡ് ഓർഗനൈസേഷൻ ആണ് കവച് സംവിധാനം വികസിപ്പിച്ചത്.

സേഫ്റ്റി ഇൻ്റഗ്രിറ്റി ലെവൽ 4 സർട്ടിഫിക്കേഷൻ കവച് സംവിധാനത്തിന് ലഭ്യമായിട്ടുണ്ടെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചിരുന്നു. 2022ൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷണവ് കവച് സംവിധാനം നേരിട്ട് പരിശോധിച്ചിരുന്നു.

ഒരേ ട്രാക്കിൽ രണ്ടു ട്രെയിൻ പോകുന്നതിനിടെ ആദ്യ ട്രെയിനിൻ്റെ പിൻഭാഗവും പിന്നിലെ ട്രെയിനിൻ്റെ മുൻഭാഗവും തമ്മിലുള്ള ദൂരം 380 മീറ്ററായി കുറഞ്ഞതോടെ കവച് സംവിധാനം പ്രവർത്തിച്ച് പിന്നിലെ ട്രെയിൻ ഓട്ടോമാറ്റിക്കായി നിൽക്കുന്നത് മന്ത്രി വീഡിയോയിൽ പങ്കുവെച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button