EntertainmentKeralaNews

ഏത് നിമിഷവും നിലംപതിക്കുന്ന നിലയിൽ വീട്! പൊടിപിടിച്ചു കിടക്കുന്ന കാറുകൾ; കനകയ്ക്ക് എല്ലാം നഷ്ടപ്പെടുന്നു

കൊച്ചി:ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ നിറ സാന്നിധ്യമായിരുന്ന നടിയാണ് കനക. മലയാളികൾക്കും പ്രിയങ്കരിയായിരുന്നു താരം. തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി അമ്പതോളം സിനിമകളിലാണ് കനക അഭിനയിച്ചിട്ടുള്ളത്. ​മുകേഷിന്റെ നായികയായി ഗോഡ്ഫാദർ എന്ന ചിത്രത്തിലൂടെ ആയിരുന്നു കനകയുടെ മലയാളത്തിലേക്ക് എത്തുന്നത്. പിന്നീട് അങ്ങോട്ട് വസൂധ, എഴര പൊന്നാന, വിയറ്റനാം കോളനി തുടങ്ങി ഒരുപിടി സിനിമകളിൽ നായികയായെത്തി കനക മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കുകയായിരുന്നു.

മലയാളത്തിലെ മുൻനിര താരങ്ങൾക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുള്ള കനക തമിഴിൽ രജനികാന്ത് ഉൾപ്പടെയുള്ളവർ താരങ്ങൾക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട്. 2000 ല്‍ ഈ മഴ തേന്‍ മഴ എന്ന മലയാള സിനിമയിലാണ് കനക അവസാനമായി അഭിനയിച്ചത്. പിന്നീട് 2006 സൂര്യ-ജ്യോതിക ജോഡികളുടെ സില്ലുനു ഒരു കാതൽ എന്ന ചിത്രത്തിൽ അതിഥി വേഷത്തിലും കനക എത്തി. എന്നാൽ അതിനു ശേഷം കനക വെള്ളിത്തിരയിൽ നിന്ന് അപ്രത്യക്ഷ ആവുകയായിരുന്നു.

kanaka

എങ്കിലും ഇടയ്ക്കിടെ കനക വാർത്തകളിൽ നിറയാറുണ്ട്. അച്ഛനുമായുള്ള സ്വത്ത് തർക്കം. അമ്മയുടെ മരണം എന്നിങ്ങനെ പല സംഭവങ്ങളുടെ പേരിലും നടി വാർത്തകളിൽ നിറഞ്ഞിരുന്നു. അടുത്തിടെ കനകയുടെ വീടിന് തീപിടിച്ചെന്നും തീപിടിത്തത്തിൽ വീട്ടിലെ വിലപിടിപ്പുള്ള നിരവധി വസ്തുക്കൾ കത്തിനശിച്ചതായും വാർത്ത വന്നിരുന്നു. ഇപ്പോഴിതാ, വീണ്ടും നടിയുടെ വീടിനെ കുറിച്ചുള്ള ചില റിപ്പോർട്ടുകൾ പുറത്തു വരുകയാണ്.

ചെന്നൈയിലെ ആർകെ പുരം ഏരിയയിലാണ് കനകയുടെ വീട്. വളരെക്കാലമായി ജീർണാവസ്ഥയിലാണ് ആ വീടെന്ന് ദ ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഏത് നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ് വീട്. വീടിന്റെ പ്രധാന ഗേറ്റ് വർഷങ്ങളായി പെയിന്റ് ചെയ്യാത്ത നിലയിലാണ്. വീട്ടിലെ കോളിങ് ബെൽ പോലും പ്രവർത്തിക്കാത്ത നിലയിലാണ്.

ചില കാറുകൾ വീടിന് സമീപത്ത് കഴുകാതെ പൊടി പിടിച്ച് നാശമായി കിടക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. വീടിന്റെ വാതിൽ അടച്ചിട്ട നിലയിലാണെന്നും കാവൽക്കാരനോ ആരും തന്നെ മുന്നിൽ ഇല്ലെന്നുമാണ് പറയുന്നത്. കനകയ്ക്ക് ആകെ ഉണ്ടായിരുന്ന വീടും നഷ്ടപ്പെടുന്ന നിലയാണെന്നാണ് റിപ്പോർട്ട് നൽകുന്ന സൂചന.

എന്നാൽ കനകയ്ക്ക് എന്ത് സംഭവിച്ചു, താരം ആ വീട്ടിൽ തന്നെയാണോ എന്നതിനെ കുറിച്ചൊന്നും കൃത്യമായ വിവരങ്ങളൊന്നും ഇപ്പോൾ ലഭ്യമല്ല. നേരത്തെ 2013 ൽ കനക മരണപ്പെട്ടതായി വാർത്തകൾ വന്നിരുന്നു. അന്ന് ആ അഭ്യൂഹങ്ങൾ അവസാനിപ്പിക്കുന്നതിനായി കനക മാധ്യമങ്ങൾക്ക് മുന്നിൽ എത്തുകയുണ്ടായി. നടി ആലപ്പുഴയിലെ പാലിയേറ്റീവ് കെയർ ആശുപത്രിയിൽ ചികിത്സയിലാണെന്നും. അർബുദ രോഗിയായ കനക കൃത്യമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് മരിച്ചെന്നുമായിരുന്നു റിപ്പോർട്ടുകൾ.

ആ അഭ്യൂഹങ്ങളിൽ വ്യക്തത വരുത്താൻ കനക തന്റെ വസതിയിലാണ് വാർത്താ സമ്മേളനം വിളിച്ചത്. താൻ ജീവിച്ചിരിപ്പുണ്ടെന്ന് നടി അന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് പറഞ്ഞു. ചില റിപ്പോർട്ടുകളിൽ പറയുന്നത് പോലെ തനിക്ക് ക്യാൻസർ ഇല്ലെന്നും 1992-ൽ ഒരു മലയാള സിനിമയുടെ ചിത്രീകരണത്തിന് വേണ്ടിയാണു താൻ അവസാനമായി കേരളത്തിൽ പോയതെന്നും കനക അന്ന് പറഞ്ഞിരുന്നു.

kanaka

മുൻപ് നടി കുട്ടി പത്മിനി കനകയുടെ വീടിനെ കുറിച്ചും ജീവിതത്തെ കുറിച്ചും ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. 13 പൂച്ചക്കുട്ടികളും 10 നായ്ക്കുട്ടികളുമായാണ് കനകയുടെ ജീവിതം. അവരെയെല്ലാം കുട്ടികളെ പോലെ കണ്ട് വളർത്തുകയാണ്. ആ വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുകയാണ് എന്നൊക്കെയാണ് അന്ന് പത്മിനി പറഞ്ഞത്. കനകയുടെ വീട്ടു ജോലിക്കാരി പറഞ്ഞ കാര്യങ്ങൾ ആണെന്നായിരുന്നു നടി പറഞ്ഞത്.

കുറച്ചു നാൾ മുൻപ് കനക വൈകാരിമായി സംസാരിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നടി മാനസികനില തെറ്റിയ അവസ്ഥയിലാണെന്നും ചില റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇതിലൊക്കെ എത്രമാത്രം സത്യമുണ്ടെന്ന് വ്യക്തമല്ല. തന്റെ അവസ്ഥ വ്യക്തമാക്കി കനക തന്നെ മാധ്യമങ്ങൾക്ക് മുന്നിൽ എത്തുമെന്ന പ്രതീക്ഷയാണ് ആരാധകർക്ക്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button