കൊച്ചി:കനകമല കേസിൽ ആറു പ്രതികൾ കുറ്റക്കാരാണെന്ന് കൊച്ചി എൻ.ഐ.എ. കോടതി. മൻസീദ്, സ്വാലിഹ് മുഹമ്മദ്, റാഷിദ്, റംഷാദ് നങ്കീലൻ, സ്വാഫാൻ, സുബഹാനി ഹാജ മൊയ്തീൻ എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. കേസിലെ ആറാം പ്രതിയായ ജാസിമിനെ വെറുതെവിട്ടു. കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറുപേർക്കെതിരെയും കോടതി യുഎപിഎ വകുപ്പും ചുമത്തി. ആഗോള ഭീകരസംഘടനയായ ഐ.എസുമായി ബന്ധപ്പെട്ട് 2016 ഒക്ടോബറിൽ കണ്ണൂരിലെ കനകമലയിൽ ഒത്തുചേർന്ന് ആക്രമണത്തിന് ഗൂഢാലോചന നടത്തിയെന്നതാണ് കേസ്. ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) സമർപ്പിച്ച രണ്ട് കുറ്റപത്രങ്ങളിലായി കോഴിക്കോട് സ്വദേശികളായ മൻസീദ് എന്ന ഒമർ അൽ ഹിന്ദി, സജീർ, ചേലക്കര സ്വദേശി യൂസഫ് ബിലാൽ (ടി. സ്വാലിഹ് മുഹമ്മദ്), കോയമ്പത്തൂർ സ്വദേശി റാഷിദ് (അബ് ബഷീർ), കുറ്റ്യാടി സ്വദേശികളായ റംഷാദ് നങ്കീലൻ, എൻ.കെ. ജാസിം, തിരൂർ സ്വദേശി സ്വാഫാൻ, തിരുനൽവേലി സ്വദേശി സുബഹാനി ഹാജ മൊയ്തീൻ എന്നിവരാണ് വിചാരണ നേരിട്ടത്. കേസിൽ പ്രതിയായിരുന്ന സജീർ അഫ്ഗാനിസ്താനിൽ വെടിയേറ്റ് കൊല്ലപ്പെട്ടെന്നാണ് പറയപ്പെടുന്നത്. കേസിൽ 70 സാക്ഷികളെ വിസ്തരിച്ചു. രാജ്യദ്രോഹകുറ്റം, ഗൂഢാലോചന, യു.എ.പി.എ.യിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരമാണ് എൻ.ഐ.എ. കുറ്റപത്രം സമർപ്പിച്ചത്. ശിക്ഷ ഇന്ന് വിധിക്കും.