കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്; മക്കള്‍ നീതി മയ്യം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു; ഡിഎംകെ പിന്തുണയോടെ രാജ്യസഭയിലേക്കെത്തും;വിജയ് ഉയര്‍ത്തുന്ന ഭീഷണിക്ക് സ്റ്റാലിന്റെ മറുപടി

ചെന്നൈ: ഉലകനായകന്‍ കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്. മക്കള്‍ നീതി മയ്യം നേതാവു കൂടിയാ കമല്‍ഹാസനെ രാജ്യസഭയിലേക്കുള്ള സ്ഥാനാര്‍ഥിയായി പാര്‍ട്ടി പ്രഖ്യാപിച്ചു. ഡിഎംകെ പിന്തുണയോടെയാണ് കമല്‍ ഹാസന്‍ രാജ്യസഭയിലേക്കെത്തുക. രാജ്യസഭയില്‍ ഒഴിവുവന്ന എട്ട് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ജൂണ്‍ 19-നാണ് തിരഞ്ഞെടുപ്പ്. അന്നുതന്നെയായിരിക്കും വോട്ടെണ്ണലും നടക്കുക. തമിഴ്നാട്ടിലെ ആറ് സീറ്റുകളില്‍ നാലെണ്ണം ഡിഎംകെ നേതൃത്വം നല്‍കുന്ന മുന്നണിക്കായിരിക്കും ലഭിക്കുക. ഇതില്‍ ഒരു സീറ്റിലേക്കാണ് കമല്‍ഹാസന്‍ എത്തുക. സ്വന്തം പാര്‍ട്ടി രൂപീകരിച്ചതിനുശേഷമുളള കമല്‍ഹാസന്റെ രാഷ്ട്രീയജീവിതത്തിലെ ഏറ്റവും വലിയ ചുവടുവെയ്പ്പാണ് ഇതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് കോയമ്പത്തൂരില്‍ നിന്ന് മക്കള്‍ നീതി മയ്യം സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിരുന്ന കമല്‍ ഹാസന്‍ പിന്നീട് തീരുമാനത്തില്‍ നിന്ന് പിന്മാറിയിരുന്നു. തുടര്‍ന്ന് ഇന്‍ഡ്യാ മുന്നണിക്കായി തമിഴ്നാട്ടിലും പുതുച്ചേരിയിലും പ്രചാരണം നടത്തി.

മത്സരത്തില്‍ നിന്ന് പിന്മാറുന്നതിനായി 2025 ജൂണില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളില്‍ ഒന്ന് കമല്‍ഹാസന്റെ പാര്‍ട്ടിക്ക് നല്‍കാമെന്ന് ധാരണയായിരുന്നു. ഫെബ്രുവരിയില്‍ തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ ഇതുസംബന്ധിച്ച മുന്നണിയുടെ തീരുമാനം കമല്‍ഹാസനെ നേരിട്ടെത്തി അറിയിക്കുകയും ചെയ്തിരുന്നു.

രാജ്യസഭാംഗങ്ങളായ അന്‍പുമണി രാമദാസ്, എന്‍ ചന്ദ്രശേഖരന്‍, എം ഷണ്‍മുഖം, എം മുഹമ്മദ് അബ്ദുളള, വി വില്‍സണ്‍, വൈകോ എന്നിവരുടെ കാലാവധിയാണ് ജൂണില്‍ അവസാനിക്കുന്നത്. ഡിഎംകെ മുന്നണിയില്‍ രണ്ട് സീറ്റ് ഡിഎംകെയ്ക്കും ഓരോ സീറ്റ് വീതം എംഎന്‍എമ്മിനും എംഡിഎംകെയ്ക്കുമാണ് ലഭിക്കുക.

234 അംഗ തമിഴ്നാട് നിയമസഭയില്‍ 34 വോട്ടുകളാണ് ഒരു രാജ്യസഭാംഗത്തിന് ജയിക്കാനായി വേണ്ടത്. ഇതുപ്രകാരം, 159 നിയമസഭാ സീറ്റുകളുളള ഡിഎംകെയ്ക്ക് നാല് അംഗങ്ങളെ വിജയിപ്പിക്കാനാകും. 62 അംഗങ്ങളുളള എഐഎഡിഎംകെ- എന്‍ഡിഎ സഖ്യത്തിന് രണ്ടുപേരെ രാജ്യസഭയിലേക്ക് വിജയിപ്പിക്കാനും കഴിയും.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ഒരു നിര്‍ണായക സമയമാണ് ഇപ്പോള്‍ തമിഴ്‌നാട്ടിള്‍ ഇപ്പോള്‍ നന്നിരിക്കുന്നത്. 6 രാജ്യസഭാ സീറ്റിലേക്കായുള്ള തിരഞ്ഞെടുപ്പില്‍ 4 എണ്ണം ഡിഎംകെ അല്ലെങ്കില്‍ ഇന്ത്യാ മുന്നണി വിജയിക്കുമെന്ന സാഹചര്യം നിലനില്‍ക്കെയാണ് കമല്‍ ഹാസന് രാജ്യസഭയിലേക്ക് മത്സരിക്കാന്‍ സീറ്റ് നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരിക്കുന്നത്. നേരെത്തെ ഉദയനിധി സ്റ്റാലിന്‍ അടക്കമുള്ള നേതാക്കള്‍ അദ്ദേഹത്തെ കണ്ട് ഇക്കാര്യം അറിയിച്ചിരുന്നു.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയ് ഉയര്‍ത്തുന്ന രാഷ്ട്രീയ വെല്ലുവിളിയെ അടക്കം നേരിടാനാണ് ഡിഎംകെയും സ്റ്റാലിനും കമല്‍ഹാസനെ ഒപ്പം നിര്‍ത്തുന്നത്. അടുത്തകാലത്തായി ഡിഎംകെയെ നിശിദമായി വിമര്‍ശിച്ച് വിജയ് രംഗത്തുവന്നിരുന്നു. മഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ഡല്‍ഹി സന്ദര്‍ശത്തെ കടന്നാക്രമിച്ച് ടിവികെ അധ്യക്ഷന്‍ വിജയ് രംഗത്തുവന്നിരുന്ന. ഇഡിയെ പേടിച്ച് മുഖ്യമന്ത്രി ബിജെപിയില്‍ അഭയംപ്രാപിച്ചു. ഡല്‍ഹി സന്ദര്‍ശനം ടാസ്മാക്ക് അഴിമതിയിലെ ഇഡി അന്വേഷണത്തിന്റെ പശ്ചാത്തലത്തിലെന്ന് വിജയ് വിമര്‍ശിച്ചു.

മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അന്വേഷണം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു. കുടുംബത്തിനും അടുപ്പക്കാര്‍ക്കും വേണ്ടി തമിഴ്‌നാടിന്റെ അഭിമാനം പണയംവെച്ചു. ഇരുകൂട്ടരും രഹസ്യസഖ്യത്തിലെന്ന് വിജയ് പറഞ്ഞു. സ്റ്റാലിന്‍ ഡല്‍ഹിയിലെത്തിയത് നീതി ആയോഗ് യോഗത്തിനായായിരുന്നു. ശേഷം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News