ഡിഎംകെയുടെ താരപ്രചാരകനാകും;ഇത്തവണ മത്സരിക്കുന്നില്ല, തീരുമാനം രാജ്യത്തിന് വേണ്ടിയെന്ന് കമല്‍ ഹാസൻ

Tamil Nadu Chief Minister M.K. Stalin and Makkal Needhi Maiam (MNM) leader Kamal Haasan during a meeting in Chennai | PTI

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയുടെ താരപ്രചാരകനായി രംഗത്തെത്തുമെന്ന് നടനും മക്കൾ നീതി മയ്യം (എംഎൻഎം) നേതാവുമായ കമല ഹാസൻ. ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചെന്നൈയിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കമൽ ഹാസൻ പ്രഖ്യാപനം നടത്തിയത്. പകരം അടുത്ത വർഷം ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കമല ഹാസന് നൽകുമെന്നാണ് ധാരണ.

എന്റെ പാർട്ടി ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. എന്നാൽ സഖ്യത്തിനാവശ്യമായ എല്ലാ പിന്തുണയും നൽകും. ഞങ്ങൾ ഒരുമിച്ചത് ഏതെങ്കിലും പദവിക്ക് വേണ്ടിയല്ല, രാജ്യത്തിന് വേണ്ടിയാണ്’ – അദ്ദേഹം പറഞ്ഞു.

കമല ഹാസന്റെ നേതൃത്വത്തിലുള്ള മക്കൾ നീതി മയ്യം ഡിഎംകെ സഖ്യത്തിൽ ഔദ്യോഗികമായി ചേരുന്നതിന്റെ ഭാഗമായിട്ടാണ് സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയത്. ബിജെപിയെ പരാജയപ്പെടുത്തുക എന്ന പൊതുലക്ഷ്യത്തോടെയാണ് ഡിഎംകെ സഖ്യം ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ആദ്യമായാണ് ഡിഎംകെയുമായി എംഎൻഎം സഖ്യത്തിലേർപ്പെടുന്നത്.

തമിഴ്നാട്ടിലെ 39 ലോക്സഭാ സീറ്റുകൾക്കായും പുതുച്ചേരിയിലെ ഒരു സീറ്റിനായും ഡിഎംകെയ്ക്കായി എംഎൻഎം പ്രചാരണത്തിനിറങ്ങുമെന്നാണ് വിവരം. രാഷ്ട്രീയ സഖ്യത്തിനായുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്ന് കമല ഹാസൻ മുൻപ് വെളിപ്പെടുത്തിയിരുന്നു. രാജ്യത്തിന്റെ നന്മയ്ക്ക് മുൻഗണന നൽകുന്ന ഏത് പാർട്ടിയെയും എംഎൻഎം പിന്തുണയ്ക്കുമെന്നും കമല ഹാസൻ അന്ന് വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News