CrimeKeralaNews

മൃതദേഹങ്ങളുടെ കാലപ്പഴക്കത്തിൽ വ്യത്യാസം; തൃശൂരിൽ കാണാതായ കുട്ടികളുടെ മരണത്തിൽ ദുരൂഹതയേറുന്നു

തൃശൂർ: ശാസ്‌താംപൂവം കോളനിയിൽ നിന്നും കാണാതായ രണ്ട് ആൺകുട്ടികളുടെ മരണത്തിൽ ദുരൂഹതയേറുന്നു. കോളനിയിലെ കാടർ വീട്ടിൽ കുട്ടന്റെ മകൻ സജി കുട്ടൻ (15), രാജശേഖരന്റെ മകൻ അരുൺ കുമാർ (എട്ട്) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

തേൻ ശേഖരിക്കാൻ മരത്തിൽ കയറിയ അരുൺ കുമാർ മുകളിൽ നിന്ന് വീണ് മരിച്ചതാകാം എന്നാണ് നിഗമനം. സജി കുട്ടന്റെ മൃതദേഹം കണ്ടെത്തിയത് അരുൺ കുമാറിന്റെ മൃതദേഹത്തിന് അരികിൽ നിന്ന് 500 മീറ്റർ അകലെയാണ്. അരുൺ കുമാർ മരിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് സജി കുട്ടൻ മരിച്ചതെന്നാണ് നിഗമനം.

ഇതോടെ രണ്ട് പേരുടെയും മരണത്തിൽ ദുരൂഹതയേറുകയാണ്. ഇരുവരും എന്തിനാണ് കാട്ടിലേയ്ക്ക് പോയതെന്ന വ്യക്തമായ വിവരം ഇതുവരെ ലഭിച്ചിട്ടില്ല. കുട്ടികൾ കാട്ടിനുളളിൽ വഴിയറിയാതെ പെട്ടുപോയതാണെങ്കിൽ മൃതദേഹങ്ങൾ എങ്ങനെ കോളനിക്ക് സമീപം വന്നുവെന്നും മരണം സംഭവിച്ചത് എങ്ങനെയാണെന്നതിലും പൊലീസിന് ഇതുവരെ വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.

ഇന്ന് രാവിലെ ആറ് മണിയോടെ പത്ത് പേരടങ്ങുന്ന ഏഴ് സംഘങ്ങളായാണ് ഉദ്യോഗസ്ഥർ കുട്ടികൾക്കായി കാട്ടിനുളളിൽ തെരച്ചിൽ ആരംഭിച്ചത്. കോളനിക്ക് സമീപത്ത് നിന്ന് ആദ്യം അരുൺ കുമാറിന്റെ മൃതദേഹവും തൊട്ടുപിന്നാലെ സജി കുട്ടന്റെ മൃതദേഹവും കണ്ടെടുക്കുകയായിരുന്നു.ഈ മാസം രണ്ട് മുതലാണ് ഇരുവരെയും കാണാതായത്. ബന്ധുവീട്ടിലും കുട്ടികൾ പോകാൻ സാദ്ധ്യതയുള്ള മറ്റ് സ്ഥലങ്ങളിലും നടത്തിയ അന്വേഷണം വിഫലമായതിനെ തുടർന്നാണ് രക്ഷിതാക്കൾ വെള്ളിക്കുളങ്ങര പൊലീസിൽ പരാതി നൽകിയത്.

പൊലീസും വെള്ളിക്കുളങ്ങര പരിയാരം ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ വനപാലകരും നാട്ടുകാരും ഇന്നലെ രാവിലെ മുതൽ വനത്തിൽ അന്വേഷണം നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല. ഇതോടെയാണ് ഇന്ന് ഏഴംഗ സംഘങ്ങളായി പരിശോധന നടത്തിയത്.

കുട്ടികളെ കാണാതായതറിഞ്ഞ് തൃശൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനിൽ കുമാർ കഴിഞ്ഞ ദിവസം കോളനിയിലെത്തി വിവരങ്ങൾ അന്വേഷിച്ചിരുന്നു. തുടർന്ന് ജില്ലാ ഭരണകൂടത്തെയും പൊലീസ് സൂപ്രണ്ടിനെയും ബന്ധപ്പെട്ടു. അന്വേഷണത്തിന് നേതൃത്വം നൽകാമെന്ന് എസ് പി ഉറപ്പ് നൽകുകയായിരുന്നു. തൃശൂർ റൂറൽ എസ്‌ പി നവനീത് ശർമ്മയുടെ അദ്ധ്യക്ഷതയിൽ ഡിവൈ എസ് പി ഓഫീസിൽ യോഗം കൂടിയതിന് ശേഷമാണ് തെരച്ചിലിന് സംഘത്തെ നിയോഗിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker