KeralaNews

കള്ളക്കുറിശ്ശിയിൽ പെൺകുട്ടിയുടെ ആത്മഹത്യ ഇടപെട്ട് ഹൈക്കോടതി, മൃതദേഹം റീ പോസ്റ്റ്‍മോർട്ടം നടത്താൻ ഉത്തരവ്

ചെന്നൈ: തമിഴ്നാട്ടിലെ കള്ളക്കുറിശ്ശിയിൽ ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ മൃതദേഹം റീ പോസ്റ്റ്‍മോർട്ടം നടത്താൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. പോസ്റ്റ്‍മോർട്ടം കഴിഞ്ഞാൽ ഉടൻ മൃതദേഹം സംസ്കരിക്കണം എന്നാണ് കോടതിയുടെ നിര്‍ദ്ദേശം. പെൺകുട്ടിയുടെ അച്ഛനും അഭിഭാഷകനും വേണമെങ്കിൽ പോസ്റ്റ്‍മോർട്ടം നടപടികൾക്ക് സാക്ഷിയാകാമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ഭാവിയിൽ വിദ്യാലയ ക്യാമ്പസുകളിൽ ആത്മഹത്യ നടന്നാൽ സിബിസിഐഡി നേരിട്ട് കേസന്വേഷിക്കണമെന്ന് നിര്‍ദ്ദേശിച്ച കോടതി, കള്ളക്കുറിശ്ശിയിൽ നടന്നത്  പെട്ടെന്നുണ്ടായ പ്രകോപനമല്ലെന്നും ആക്രമണം ആസൂത്രിതമാണെന്നും നിരീക്ഷിച്ചു.

അതേസമയം, കള്ളക്കുറിച്ചിയിലെ സംഘർഷത്തിൽ അറസ്റ്റിലായവരുടെ എണ്ണം 328 ആയി. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ തുടരുകയാണ്. 500 പൊലീസ് കമാൻഡോമാരടക്കം 1500 പൊലീസുകാരെയാണ് പ്രദേശത്ത് വിന്ന്യസിച്ചിരിക്കുന്നത്. സംസ്ഥാന ഡിജിപിയും ആഭ്യന്തര സെക്രട്ടറിയും പ്രദേശത്ത് ക്യാമ്പ് ചെയ്യുകയാണ്.

കള്ളാക്കുറിച്ചിയിലും പരിസര പ്രദേശങ്ങളിലും ഈ മാസം 31 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനിടെ പെൺകുട്ടിയുടെ മരണം സംബന്ധിച്ച അന്വേഷണം സിബിസിഐഡിക്ക് കൈമാറി. സ്കൂൾ പ്രിൻസിപ്പാളിനേയും ആത്മഹത്യാക്കുറിപ്പിൽ പേരുള്ള രണ്ട് അധ്യാപകരേയും അറസ്റ്റ് ചെയ്തിരുന്നു. 

തമിഴ്നാട്ടിലെ കള്ളാക്കുറിച്ചി ജില്ലയിലെ ചിന്നസേലത്തുള്ള ശക്തി മെട്രിക്കുലേഷൻ ഹയർ സെക്കന്‍ററി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയായിരുന്ന ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയത്. കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ സ്കൂളിലെ രണ്ട് അധ്യാപകർ മാനസികമായി പീഡിപ്പിക്കുന്നു എന്നെഴുതിയിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടുള്ള സമരമാണ് അക്രമാസക്തമായത്. 

തമിഴ്നാടിന്‍റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ അക്രമവും കൊള്ളിവയ്പ്പുമാണ് ഇന്നലെ കള്ളാക്കുറിച്ചിയിൽ നടന്നത്. പൊലീസ് ബസുകളടക്കം പതിനഞ്ച് ബസുകൾ അക്രമികൾ കത്തിച്ചു. നിരവധി കാറുകളും ഇരുചക്രവാഹനങ്ങളും അഗ്നിക്കിരയാക്കി. സ്കൂൾ കെട്ടിടം തകർത്തു. പാഠപുസ്തകങ്ങളും സ്കൂൾ രേഖകളും ഉപകരണങ്ങളും കൂട്ടിയിട്ട് തീയിട്ടു. ഇതിനിടെ ഓഫീസ് ഉപകരണങ്ങൾ ചിലർ കൊള്ളയടിച്ചു. സംഘര്‍ഷത്തില്‍  നിരവധി സമരക്കാർക്കും ഡിഐജി എം. പാണ്ഡ്യനടക്കം ഇരുപതിലേറെ പൊലീസുകാർക്കും പരിക്കേറ്റു. സമീപ ജില്ലകളിൽ നിന്നും കൂടുതൽ പൊലീസെത്തിയതോടെയാണ് അക്രമികൾ പിൻവാങ്ങിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button