KeralaNews

കളമശ്ശേരി സ്‌ഫോടനം:അന്വേഷണം ഡൊമിനിക് മാര്‍ട്ടിനിലേക്ക്‌,വീട്ടിൽ പരിശോധന, റിമോട്ട് കണ്ടെത്തി

കൊച്ചി: യഹോവസാക്ഷികളുടെ സമ്മേളനത്തിനിടെ ഉണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പോലീസില്‍ കീഴടങ്ങിയ ഡൊമനിക് മാര്‍ട്ടിനെ കളമശ്ശേരിയില്‍ എത്തിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇയാളെ ചോദ്യംചെയ്യുകയാണ്. ഡി.ജി.പി. ഷെയ്ഖ് ദര്‍വേഷ് സാഹിബ്, ഇന്റലിജന്‍സ് എ.ഡി.ജി.പി. മനോജ് എബ്രഹാം, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍ എന്നിവര്‍ കളമശ്ശേരി എ.ആര്‍. ക്യാമ്പിലുണ്ട്.

ഉച്ചയോടെയാണ് ഇയാള്‍ തൃശ്ശൂര്‍ കൊടകര പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്. ഇവിടെനിന്ന് വലിയ പോലീസ് സന്നാഹത്തോടെയാണ് ഇയാളെ കളമശ്ശേരിയില്‍ എത്തിച്ചത്. പ്രാഥമികമായി ഡൊമനിക് മാര്‍ട്ടിന്‍ പറയുന്നതില്‍ കഴമ്പുണ്ടെന്ന് മനസിലായതിനെത്തുടര്‍ന്നാണ് ഇയാളിലേക്ക് അന്വേഷണം കേന്ദ്രീകരിക്കുന്നത്.

ഇയാളുടെ തമ്മനത്തെ വീട്ടില്‍ പോലീസെത്തി പരിശോധന നടത്തി. ഭാര്യയുടെ മൊഴി രേഖപ്പെടുത്തി. പരിശോധനയില്‍ റിമോര്‍ട്ട് അടക്കമുള്ളവ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.

കളമശ്ശേരിയിലെ സ്ഫോടനം നടത്തിയത് താനാണെന്ന് അവകാശപ്പെട്ട് തൃശ്ശൂര്‍ കൊടകര പൊലീസ്  സ്റ്റേഷനില്‍ കീഴടങ്ങിയ എറണാകുളം തമ്മനം സ്വദേശിയായ ഡൊമിനിക് മാര്‍ട്ടിന്‍റെ വീഡിയോ സന്ദേശം പുറത്ത് വന്നിരുന്നു. കീഴടങ്ങുന്നതിന് മുമ്പ് ഫേസ്ബുക്ക് പേജിലിട്ട ലൈവിലാണ് സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഡൊമിനിക് മാര്‍ട്ടിന്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. അതേസമയം, കീഴടങ്ങിയ ഡൊമിനിക് മാര്‍ട്ടിനെ ചോദ്യം ചെയ്തുവരുകയാണെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. മൂന്നു മണിക്കൂര്‍ മുമ്പാണ് ഡൊമിനിക് മാര്‍ട്ടിന്‍ ഫേയ്സ്ബുക്കില്‍ ലൈവ് വീഡിയോ ചെയ്തിരിക്കുന്നത്.

ബോംബ് വെച്ചത് താനെന്നാണെന്നാണ് ഇയാള്‍ വീഡിയോയില്‍ അവകാശപ്പെടുന്നത്. സ്ഫോടനം നടത്തിയത് യഹോവ സാക്ഷികളോടുള്ള എതിര്‍പ്പ് മൂലമാണെന്നും 16 വര്‍ഷമായി യഹോവ സാക്ഷികളില്‍ അംഗമാണെന്നും ഡൊമിനിക് അവകാശപ്പെട്ടു.

യഹോവാ സാക്ഷികള്‍ രാജ്യദ്രോഹ സംഘടനയെന്ന് ആറു വര്‍ഷം മുന്‍പ് തിരിച്ചറിഞ്ഞുവെന്നും മറ്റുള്ളവര്‍ എല്ലാം നശിച്ചുപോകുമെന്നാണ് അവരുടെ പ്രചാരണമെന്നും തെറ്റായ ആശയങ്ങൾ പ്രചരിപ്പിക്കുന്നവരെ നിയന്ത്രിച്ചില്ലെങ്കില്‍ തന്നെ പോലുള്ള സാധാരണക്കാര്‍ പ്രതികരിക്കുമെന്നും ഡൊമിനിക് വീഡിയോയില്‍ പറയുന്നു.

സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുകയാണെന്നും കീഴടങ്ങാൻ സ്റ്റേഷനിലേക്ക് പോകുന്നുവെന്നും പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്. എങ്ങനെ സ്ഫോടനം നടത്തിയെന്നത് മാധ്യമങ്ങള്‍ കാണിക്കരുതെന്നും ഡൊമിനിക് വീഡിയോയില്‍ പറയുന്നുണ്ട്. അഞ്ചു ദിവസം മുമ്പുണ്ടാക്കിയ ഫേസ്ക്ക്ബുക്ക് പേജിലൂടെയാണ് ഡൊമിനിക് വീഡിയോ സന്ദേശം പുറത്തുവിട്ടിരിക്കുന്നത്.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഡൊമിനിക് മാര്‍ട്ടിന്‍റെ പേരിലുള്ള ഫേയ്സ്ബുക്ക് പേജ് അപ്രത്യക്ഷമായിട്ടുണ്ട്. അതേസമയം, ഡൊമിനിക് മാര്‍ട്ടിന്‍ നല്‍കിയ തെളിവുകള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചവരുകയാണെന്നും കൂടുതല്‍ കാര്യങ്ങള്‍ ഈ ഘട്ടത്തില്‍ പറയാനാകില്ലെന്നുമാണ് എഡിജിപി അജിത്ത്കുമാര്‍ പ്രതികരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button