28.9 C
Kottayam
Thursday, May 2, 2024

കളമശ്ശേരി സ്ഫോടനം; ഡൊമിനിക് മാര്‍ട്ടിന്‍ അറസ്റ്റില്‍

Must read

കൊച്ചി:കളമശ്ശേരി സ്ഫോടന കേസില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ അറസ്റ്റില്‍. യുഎപിഎ, സ്ഫോടക വസ്തു നിയമം, കൊലപാതകം, വധശ്രമം, ഗൂഡാലോചന തുടങ്ങിയ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഡൊമിനിക് മാര്‍ട്ടിന്‍റെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. പൊലീസിന്‍റെ ഉന്നത തല യോഗത്തിനുശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇപ്പോള്‍ കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിന് സമീപമുള്ള എ.ആര്‍ ക്യാമ്പിലാണ് ഡൊമിനിക് മാര്‍ട്ടിനെ കസ്റ്റഡിയില്‍ വെച്ചിരിക്കുന്നത്. ഇന്ന് കോടതിയില്‍ ഹാജരാക്കാനുള്ള സാധ്യത കുറവാണെന്നാണ് പൊലീസ് പറയുന്നത്. നാളെ രാവിലെയോടെയായിരിക്കും പ്രതിയെ കോടതിയില്‍ ഹാജരാക്കുക.

പ്രതിയെ കസ്റ്റഡിയിലെടുത്ത് 24 മണിക്കൂര്‍ പിന്നിടുന്നതിന് മുമ്പാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. ഇന്നലെ രാവിലെ കളമശ്ശേരിയില്‍ സ്ഫോടനം നടന്നതിന് പിന്നാലെ തൃശ്ശൂരിലെ കൊടകര പൊലീസ് സ്റ്റേഷനിലെത്തിയാണ് എറണാകുളം കടവന്ത്ര സ്വദേശിയായ മാര്‍ട്ടിന്‍ ഡൊമിനിക് കീഴടങ്ങിയത്.

തുടര്‍ന്ന് തെളിവുകള്‍ പരിശോധിച്ച പൊലീസ് പ്രതി ഡൊമിനിക് മാര്‍ട്ടിനാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇതിനുശേഷം പൊലീസ് കസ്റ്റഡിയിലെടുത്ത ഡൊമിനിക്കിനെ വിശദമായി ചോദ്യം ചെയ്തുവരുകയായിരുന്നു. ഇതിനിടെയാണിപ്പോള്‍ ഡൊമിനിക് മാര്‍ട്ടിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. 

കൂടുതല്‍ വിശദമായ അന്വേഷണത്തിനൊടുവിലാണ് ഉന്നത തല യോഗം ചേര്‍ന്ന് പൊലീസ് ഡൊമിനികിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇപ്പോഴും കളമശ്ശേരിയിലെ എആര്‍ ക്യാമ്പില്‍ ഡൊമിനിക് മാര്‍ട്ടിനെ ചോദ്യം ചെയ്തുവരുകയാണ്. സംസ്ഥാന പൊലീസ്, എൻഐഎ, എൻഎസ്ജി തുടങ്ങിയ ഏജൻസികളിലെ ഉന്നത ഉദ്യോഗസ്ഥർ കൊച്ചിയിൽ ക്യാംപ് ചെയ്യുന്നുണ്ട്.

മാർട്ടിന് മറ്റാരുടേയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നാണ് പൊലീസ് കൂടുതൽ അന്വേഷിക്കുന്നത്. കളമശ്ശേരിയില്‍ യഹോവയുടെ സാക്ഷികളുടെ പ്രാര്‍ഥന യോഗത്തിനിടെയുണ്ടായ സ്ഫോടനത്തിൽ മൂന്നു പേരാണ് മരിച്ചത്. 45 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യഹോവയുടെ സാക്ഷികള്‍ കൂട്ടായ്മയോടുള്ള ആദര്‍ശപരമായ അഭിപ്രായ ഭിന്നതയെതുടര്‍ന്നുള്ള പ്രതിഷേധമായാണ് സ്ഫോടനം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി.

ഇതിനിടെ, സ്ഫോടനം നടത്തുന്നതിന് മുമ്പ് ഡൊമിനിക് മാർട്ടിൻ ഇന്നലെ രാവിലെ ബോംബുമായി പോകുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സ്കൂട്ടറിനു മുന്നിൽ ബിഗ് ഷോപ്പറുമായി പോകുന്ന ദൃശ്യമാണ് പുറത്തു വന്നത്. ഡൊമിനിക് മാർട്ടിന്‍റെ വീടിനു സമീപത്തെ ഹോസ്റ്റലിലെ സി.സി.ടി.വിയിലാണ് ദൃശ്യം പതിഞ്ഞത്.


സ്ഫോടനത്തെതുടര്‍ന്ന് കളമശ്ശേരിയിലെ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ഉപേക്ഷിക്കപ്പെട്ട യഹോവയുടെ സാക്ഷികളുടെ പ്രാര്‍ഥന യോഗത്തിനെത്തിയ വിശ്വാസികളുടെ വസ്തുവകകള്‍ പൊലീസ് വിട്ടുകൊടുത്തു തുടങ്ങി. വിവിധ അന്വേഷണ ഏജന്‍സികളുടെ പരിശോധന പൂര്‍ത്തിയായ വസ്തുക്കളാണ് ആളുകള്‍ എത്തി ഏറ്റുവാങഅ്ങി തുടങ്ങിയത്. ഹാളിന്‍റെ പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും വിട്ടുകൊടുത്തു തുടങ്ങി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week