KeralaNews

കളമശേരി സ്ഫോടനം: 3 പേരുടെ നില ഗുരുതരം, 16 പേർ ഐസിയുവിൽ; ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി

കൊച്ചി: കളമശേരിയിൽ കൺവൻഷൻ സെന്ററിൽ  സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത് ആകെ 21 പേരാണെന്ന് ഏറ്റവും പുതിയ മെഡിക്കൽ ബുള്ളറ്റിൽ. 16 പേർ ഐസിയുവിൽ ചികിത്സയിലാണ്. മൂന്ന് പേരുടെ നില ഗുരുതരമാണെന്നും 10 ശതമാനം പൊള്ളലേറ്റ 14 വയസുള്ള കുട്ടിയെ വാർഡിലേക്ക് മാറ്റിയെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പരിക്കേറ്റവരുടെ എല്ലാവരുടെയും ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കളമശേരി സ്‌ഫോടനത്തിൽ പൊള്ളലേറ്റവർക്ക് മികച്ച ചികിത്സയാണ് നൽകുന്നതെന്നും  ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊള്ളലേറ്റവരെ പരിചരിക്കുന്ന എല്ലാ ആശുപത്രികളും ഡോക്ടർമാരും നല്ല അർപ്പണ ബോധത്തോടെയാണ് പ്രവർത്തിക്കുന്നത്. നല്ല പരിചരണമാണ് ചികിത്സയിലുള്ളവർക്ക് ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്നവരെയും ബന്ധുക്കളെയും കളമശേരി മെഡിക്കൽ കോളേജ്,  കാക്കനാട് സൺറൈസ് ആശുപത്രി, പാലാരിവട്ടം മെഡിക്കൽ സെന്റർ, ആസ്റ്റർ മെഡിസിറ്റി, രാജഗിരി ആശുപത്രി എന്നിവിടങ്ങളിൽ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന ചിലർ പൂർണ അപകടാവസ്ഥയിൽ നിന്നു മുക്തരായിട്ടില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്. അപകടം ഉണ്ടായാൽ എങ്ങനെ പ്രതികരിക്കണമെന്ന് കൺവെൻഷനിൽ പങ്കെടുക്കാൻ എത്തിയവർക്ക് മതിയായ ബോധവത്ക്കരണം ലഭിച്ചിരുന്നു. ഇത് സ്ഫോടന സമയത്ത് പുറത്തേക്ക് രക്ഷപ്പെടുന്നത് എളുപ്പമാക്കി. തിക്കിലും തിരക്കിലും പെട്ടുള്ള അപകടവും ഒഴിവായി.  ഇത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മാർട്ടിൻ ഡൊമനിക് സമ്മതിച്ച കാര്യങ്ങൾക്ക് അപ്പുറം മറ്റെന്തെങ്കിലും മാനമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഡിജിപി അടക്കം  ഉന്നത പോലീസ് ഉദ്യോഗസ്ഥർ ക്യാമ്പ് ചെയ്താണ് അന്വേഷണം നടത്തുന്നത്. അന്വേഷണം നല്ല രീതിയിലാണ് നീങ്ങുന്നത്.

തിരുവനന്തപുരത്ത് ചേർന്ന സർവകക്ഷി യോഗത്തിൽ എല്ലാവരിൽ നിന്നും  മികച്ച പ്രതികരണമാണ്  ഉണ്ടായത്. സംയുക്ത പ്രസ്താവന ഇറക്കി. കേരളത്തിന്റെ  സൗഹാർദവും സാഹോദര്യവും തകർക്കാൻ ആരെയും അനുവദിക്കില്ല. അത്തരക്കാരെ ഒറ്റപ്പെടുത്തണമെന്നും സമൂഹത്തോട് അഭ്യർഥിച്ചുകൊണ്ടാണ് പ്രസ്താവന ഇറക്കിയത്. 

മാധ്യമങ്ങളും നല്ല രീതിയിൽ ആണ്  വാർത്ത കൈകാര്യം ചെയ്യുന്നത്. നല്ല മാതൃകയാണ് സ്വീകരിച്ചിരിക്കുന്നത്. കളമശേരിയിൽ നടന്നത് ദൗർഭാഗ്യകരമായ സംഭവമാണ്. ഇതുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തനം, ചികിത്സ, അന്വേഷണം, മാധ്യമങ്ങളുടെ ഇടപെടൽ തുടങ്ങി എല്ലാ കാര്യങ്ങളിലും  കേരളത്തനിമ ഉയർത്തി പിടിക്കാൻ നമുക്ക് കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ തനിമയെ ആർക്കും തകർക്കാനില്ല. വ്യാജ പ്രചരണം ആരു നടത്തിയാലും മുഖം നോക്കാതെ ശക്തമായ നിയമ നടപടിയുമായി മുന്നോട്ടു പോകുന്നും മുഖ്യമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker