KeralaNews

‘ഗോപി ആശാൻ രാധാകൃഷ്ണനൊപ്പം’; വോട്ടഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപി

തൃശ്ശൂർ: വിവാദങ്ങൾക്കിടെ ആലത്തൂരിലെ ഇടതുമുന്നണി സ്ഥാനാർഥി കെ.രാധാകൃഷ്ണനായി വോട്ടഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപി. വീഡിയോ സന്ദേശത്തിലൂടെയാണ് വോട്ടഭ്യർത്ഥിച്ചത്. മന്ത്രി കെ രാധാകൃഷ്ണനെ വിജയിപ്പിക്കണമെന്ന് കലാമണ്ഡലം ഗോപി അഭ്യർത്ഥിച്ചിരിക്കുന്നത്. കെ രാധാകൃഷ്ണൻ്റെ പ്രവർത്തിയെപ്പറ്റിയും സ്വഭാവത്തെപ്പറ്റിയും തനിക്ക് നല്ലതുപോലെ ബോധ്യമുണ്ട്.

ആ ബോധ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് വോട്ടഭ്യർഥിക്കുന്നതെന്നും കലാമണ്ഡലം ഗോപി വ്യക്തമാക്കി. താൻ കലാമണ്ഡലത്തിൽ അധ്യാപകനായിരിക്കുമ്പോൾ ചേലക്കരയിലെ ജനപ്രതിനിധി എന്ന നിലയിലും രാധാകൃഷ്ണൻ പരിചിതനെന്നും കലാമണ്ഡലം ഗോപി പറഞ്ഞിട്ടുണ്ട്.

നേരത്തെ തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിക്ക് വേണ്ടി കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന ആരോപണം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കെ രാധാകൃഷ്ണന് വോട്ട് അഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപി രംഗത്ത് വന്നിരിക്കുന്നത്. കലാമണ്ഡലം ഗോപിയുടെ മകൻ രഘു ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നേരത്തെ ആരോപണം ഉന്നയിച്ചത്. ‘അച്ഛനെ വിളിച്ച് സുരേഷ് ഗോപി വീട്ടില്‍ വരുമെന്നും അനുഗ്രഹിക്കണമെന്നും ഒരു പ്രശസ്ത ഡോക്ടര്‍ പറഞ്ഞു. എതിര്‍ത്തപ്പോള്‍ താനാണ് അച്ഛനെ രോഗ മൂര്‍ച്ചയില്‍ നിന്നും രക്ഷിച്ചതെന്നും പത്മഭൂഷണ്‍ കിട്ടണമെങ്കില്‍ സുരേഷ് ഗോപിയെ പിന്തുണയ്ക്കണമെന്ന് ആവര്‍ത്തിച്ചെന്നായിരുന്നു രഘുവിൻ്റെ വെളിപ്പെടുത്തൽ.

ആ ഗോപിയല്ല ഈ ഗോപിയെന്നും ആളുകളോടുള്ള ബഹുമാനം മുതലാക്കരുതെന്നും രാഷ്ട്രീയമെന്ന് പറയുന്നത് മനസ്സില്‍ ആശയപരമായി നിലനില്‍ക്കുന്നതാണെന്നും അതില്‍ മായം കലര്‍ത്തിയുള്ള പത്മഭൂഷണ്‍ വേണ്ട എന്നും രഘു പോസ്റ്റില്‍ കുറിച്ചിരുന്നു.

പിന്നാലെ കൂടുതല്‍ വിവാദങ്ങള്‍ക്ക് താൽപര്യമില്ലെന്ന് പറഞ്ഞ് രഘു പോസ്റ്റ് പിന്‍വലിച്ചിരുന്നു. രഘു പോസ്റ്റ് പിൻവലിച്ചിരുന്നെങ്കിലും ആ ഗോപിയല്ല ഈ ഗോപിയെന്ന പരാമർശം സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. എന്നാൽ കലാമണ്ഡലം ഗോപിയെ സ്വാധീനിക്കാന്‍ താന്‍ ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button