കെ.പി.എ.സി ലളിതക്ക് കരള്‍ നല്‍കാന്‍ കലാഭവന്‍ സോബി

കോതമംഗലം: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കെ.പി.എ.സി ലളിതക്ക് കരള്‍ നല്‍കാന്‍ തയാറായി കലാഭവന്‍ സോബി ജോര്‍ജ്. കരള്‍ ദാതാവിനെ തേടിയുള്ള ലളിതയുടെ മകള്‍ ശ്രീക്കുട്ടിയുടെ അഭ്യര്‍ഥന കണ്ടാണ് തീരുമാനമെന്നും സോബി. ദാതാവ് ഒ. പോസിറ്റീവ് രക്ത ഗ്രൂപ്പില്‍പ്പെട്ട ആരോഗ്യവാനായിരിക്കണം. 20നും 50നും ഇടയിലാവണം പ്രായം. പ്രമേഹരോഗികളാകരുത്. മദ്യപിക്കുന്നവരും ആകരുത്. മറ്റ് രോഗങ്ങളില്ലാത്തവരായിരിക്കണം ദാതാവെന്നും നിബന്ധനയുണ്ട്.

മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാറില്ലെന്ന് സോബി പറഞ്ഞു. ആരോഗ്യവാനാണെങ്കില്‍ 65 വയസുവരെ പ്രശ്നമില്ലെന്നാണ് ഡോക്ടര്‍ മറുപടി നല്‍കിയത്. ശ്രീക്കുട്ടിയുടെ കുറിപ്പ് കണ്ടിട്ട് അമ്മ ഉള്‍പ്പെടെയുള്ള സിനിമാ സംഘടനകളെയും ലളിത ചികിത്സയിലുള്ള ആശുപത്രിയെയും സമ്മതം അറിയിച്ചിട്ടുണ്ട്.

ഏതെങ്കിലും കലാകാരന് വൃക്കയോ കരളോ ആവശ്യമായി വന്നാല്‍ നല്‍കാന്‍ തയാറാണെന്ന് കോവിഡ് ആരംഭത്തിന് മുമ്പ് കിഡ്നി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമേലിന്റെ പള്ളിയില്‍ പരിപാടി അവതരിപ്പിക്കാന്‍ പോയപ്പോള്‍ അച്ചനോട് പറഞ്ഞിരുന്നു.

അടുത്തിടെ നൃത്തനാടക അസോസിയേഷന്‍ സെക്രട്ടറിയേറ്റിനു മുമ്പില്‍ നടത്തിയ സമരത്തിന്റെ പന്തലില്‍ പ്രസംഗിച്ചപ്പോള്‍ അക്കാഡമി ചെയര്‍പഴ്സണ്‍ എന്ന നിലയില്‍ കലാകാരന്മാര്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കാത്തതിന്റെ പേരില്‍ കെ.പി.എ.സി ലളിതയെ വിമര്‍ശിച്ചിരുന്നു. പിന്നീടാണ് ചേച്ചിക്ക് സുഖമില്ലെന്ന വിവരം അറിഞ്ഞത്. കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കോ പിന്നീടോ ഒരു പ്രതിഫലവും കൈപ്പറ്റില്ലെന്നും സോബി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News