KeralaNews

കക്കി ആനത്തോട് ഡാമില്‍ റെഡ് അലേര്‍ട്ട്; ജലനിരപ്പ് ഉയര്‍ന്നാല്‍ നാളെ രാവിലെ 8 മണിക്ക് ഡാം തുറക്കും

പത്തനംതിട്ട: കക്കി ആനത്തോട് ഡാമില്‍ റെഡ് അലേര്‍ട്ട്. ജലനിരപ്പ് ഉയര്‍ന്നാല്‍ നാളെ രാവിലെ 8 മണിക്ക് ഡാം തുറക്കും. കക്കാട്ടാറിന്റെയും പമ്പാനദിയുടെയും തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കക്കി ആനത്തോട് ഡാമിന്റെ പരമാവധി ശേഷി 981.46 മീറ്ററാണ്. നിലവിലെ ജലനിരപ്പ് 978.33 മീറ്ററില്‍ എത്തി നില്‍ക്കുകയാണ്.

ഏതു ദുരന്തത്തെയും നേരിടാന്‍ സര്‍ക്കാരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സജ്ജമാണെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. 2018ലെ പ്രളയ ദുരന്തത്തില്‍ ഉണ്ടായ പാഠമുള്‍ക്കൊണ്ട് പുറത്തിറക്കിയ ഓറഞ്ച് ബുക്കിന്റെ അടിസ്ഥാനത്തില്‍ അപകട സ്ഥലങ്ങളും ഇവിടെ ഇനിയും ഉണ്ടാകാവുന്ന പ്രശ്നങ്ങളേയും നേരിടാന്‍ എല്ലാ തയ്യാറെടുപ്പുകളും സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ സമയത്ത് രാഷ്ട്രീയവും ജാതി മത ചിന്തകളും മറന്ന് എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.

സംസ്ഥാനത്ത് വ്യാപകമായി അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാസര്‍ഗോഡ് ഒഴികെയുള്ള 13 ജില്ലകളില്‍ മഴമുന്നറിയിപ്പ് നല്‍കി. ഇതില്‍ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, ജില്ലകളിൽ റെഡ് അലർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പുറപ്പെടുവിച്ചു.

സംസ്ഥാനത്ത് ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പത്തനംതിട്ടയിലും അതിശക്തമായ മഴയാണ് പെയ്യുന്നത്. കഴിഞ്ഞ രണ്ട് മണിക്കൂറായി ഇടിയോടു കൂടി മഴ പെയ്യുകയാണ്.

തിരുവനന്തപുരം ജില്ലയില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ് ജ്യോത് ഖോസ അറിയിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്‍പ്പെടെയുള്ള യാത്രകള്‍ ഒഴിവാക്കാനും നിര്‍ദേശമുണ്ട്. തിരുവനന്തപുരം ബാലരാമപുരം ഇടമനകുഴിയിലെ രണ്ടു വീടുകളിലെ കിണറുകള്‍ ഇടിഞ്ഞ് താഴ്ന്നു. ഇടമനകുഴി സ്വദേശിനികളായ ബിന്ദു, ജയ എന്നിവരുടെ വീടുകളിലെ കിണറുകളാണ് ഇടിഞ്ഞു താഴ്ന്നത്. നെയ്യാര്‍ ഡാമിന്റെ നാലു ഷട്ടറുകളും നിലവില്‍ 40 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തിയിട്ടുണ്ട്. ഇന്ന് രാവിലെ 11 ന് എല്ലാ ഷട്ടറുകളും 20 സെന്റി മീറ്റര്‍ കൂടി (മൊത്തം 240രാ ) ഉയര്‍ത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

കൊല്ലം ജില്ലയുടെ വിവിധ മേഖലകളില്‍ കനത്ത മഴയാണ് പെയ്യുന്നത്. നഗരപ്രദേശത്ത് മാറി നിന്ന മഴ വീണ്ടും തുടങ്ങി. കിഴക്കന്‍ മേഖലയില്‍ മഴ രൂക്ഷമാണ്. തെന്മല ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തിയതിനാല്‍ കല്ലടയാറ്റിലെ ജലനിരപ്പ് ഉയരുകയാണ്. കല്ലടയാറിന് സമീപത്തെ വീടുകളിലേക്ക് വെള്ളം കയറി. മലയോര മേഖലയിലും ശക്തമായ മഴയാണ് പെയ്യുന്നത്. പത്തനാപുരത്ത് മഴയില്‍ വീട് തകര്‍ന്നു. മാങ്കോട് സ്വദേശിയായ ദാസിന്റെ വീടാണ് തകര്‍ന്നത്.

അഞ്ചല്‍ ആയൂര്‍ പാതയില്‍ റോഡ് തകര്‍ന്നു. റോഡ് നിര്‍മാണം നടക്കുന്ന പെരിങ്ങള്ളൂര്‍ ഭാഗത്താണ് മണ്ണിടിഞ്ഞുവീണ് റോഡ് തകര്‍ന്നത്. ഗതാഗതം തടസ്സപ്പെട്ടു. കൊല്ലം തിരുമംഗലം ദേശീയപാതയില്‍ ഇടപ്പാളയം ഭാഗത്ത് മരം കടപുഴകിവീണ് റോഡ് തകര്‍ന്നു. മണ്ണ് മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. തീരമേഖലകളിലും മഴക്കെടുതി രൂക്ഷമാണ്. ക്ലാപ്പന പഞ്ചായത്തില്‍ ചില വീടുകളില്‍ വെള്ളം കയറി. ഇവരെ മാറ്റിപ്പാര്‍പ്പിച്ചു. മയ്യനാട് താന്നി ഭാഗങ്ങളിലും വീടുകളിലേക്ക് വെള്ളം കയറുന്നുണ്ട്.

സംസ്ഥാനത്ത് ശക്തമായ മഴയെ തുടര്‍ന്ന് രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടി. കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഉരുള്‍പൊട്ടിയത്. കോട്ടയം മുണ്ടക്കയം ഏന്തയാറിലും കൂട്ടിക്കല്‍ വില്ലേജില്‍ ഇളംകാട് ഭാഗത്തുമാണ് ഉരുള്‍പൊട്ടിയത്. പത്തനംതിട്ടയില്‍ മലയാലപ്പുഴ മുസല്യാര്‍ കോളജിന് സമീപമാണ് ഉരുള്‍പൊട്ടിയത്.

കോട്ടയം മുണ്ടക്കയം ചെളിക്കുഴി, മുപ്പത്തിയൊന്നാം മൈലിലും വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. സംരക്ഷണഭിത്തി ഇടിഞ്ഞ് വീടുകള്‍ അപകടാവസ്ഥയിലാണ്. ഈരാറ്റുപേട്ട പൂഞ്ഞാര്‍ റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. മണിമലയാറ്റില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. മുണ്ടക്കയം മുറികല്ലുംപുറം ആറ്റു തീരത്ത് പുറമ്പോക്ക് ഭൂമിയിലെ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്.

പത്തനംതിട്ട മലയാലപ്പുഴയില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് വ്യാപക കൃഷി നാശമുണ്ടായി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കുമ്പഴയിലെ താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിലായി. കുമ്പഴ മലയാലപ്പുഴ റോഡിലേക്കും വെള്ളം കയറി. റാന്നിയില്‍ ജല നിരപ്പ് ഉയരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker