കഠിനംകുളം പീഡനം: മുഖ്യപ്രതി നൗഫല്‍ പിടിയില്‍

തിരുവനന്തപുരം:കഠിനംകുളത്ത് മദ്യം നല്‍കി ഭര്‍ത്താവും സുഹൃത്തുക്കളും ബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതികളിലൊരാളായ നൗഫല്‍ പിടിയില്‍. ഇതോടെ കേസില്‍ എല്ലാ പ്രതികളും പിടിയിലായി. നൗഫലിന്റെ ഓട്ടോയിലാണ് യുവതിയെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍. കേസിലെ ആറ് പ്രതികളെ പൊലീസ് നേരത്തെ പിടികൂടിയെങ്കിലും നൗഫല്‍ ഒളിവിലായിരുന്നു.

ഇന്നലെ റിമാന്റ് ചെയ്ത ആറ് പ്രതികളില്‍ നാല് പേരെ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് അപേക്ഷ സമര്‍പ്പിക്കും. പ്രതികളുടെ കൊവിഡ് പരിശോധനാ ഫലം വന്നതിന് ശേഷമായിരിക്കും അപേക്ഷ സമര്‍പ്പിക്കുക എന്ന് അന്വേഷണ സംഘം അറിയിച്ചു.

വ്യാഴാഴ്ച രാത്രിയാണ് യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. ഭര്‍ത്താവാണ് രണ്ട് മക്കളെയും തന്നെയും കൂട്ടി പുതുക്കുറിച്ചിയില്‍ ബീച്ച് കാണാന്‍ കൊണ്ട് പോയതെന്നാണ് യുവതിയുടെ മൊഴി. അതിന് ശേഷം സമീപത്തുള്ള ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടുടമയും ഭാര്യയും വീട്ടിലുണ്ടായിരുന്നു. ബീച്ചിലെത്തിയപ്പോള്‍ ഈ വീട്ടുടമയില്‍ നിന്നും ഭര്‍ത്താവ് പണം വാങ്ങുന്നതായി കണ്ടെന്നാണ് യുവതി പൊലീസിന് നല്‍കിയ മൊഴി.

ഭര്‍ത്താവ് മദ്യം നല്‍കിയിരുന്നതായും മദ്യലഹരിയിലായിരുന്ന താനും മക്കളും ഉറങ്ങുന്നതിനിടെ ഭര്‍ത്താവ് പുറത്തേക്ക് പോയെന്നും യുവതി പറയുന്നു. ഈ സമയം ഭര്‍ത്താവിന്റെ സുഹൃത്തുക്കളിലൊരാള്‍ എത്തി തന്നെ വിളിച്ച് ഭര്‍ത്താവിന് അപകടം പറ്റിയെന്ന് പറഞ്ഞ് വീടിന് പുറത്തേക്ക് കൊണ്ട് പോയി. ഇതേ സമയം ഓട്ടോയിലെത്തിയ ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ മറ്റ് നാലുപേര്‍ എത്തി, തന്നെയും മൂത്തമകനെയും വാഹനത്തിലേക്ക് വലിച്ച് കയറ്റികൊണ്ടുപോയി. സമീപത്തെ വിജനമായ സ്ഥലത്ത് വെച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ മൊഴി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News