കേസ് കെട്ടിച്ചമച്ചത്, പിന്നില്‍ ഭര്‍ത്താവും രണ്ടാം ഭാര്യയും; എല്ലാ മക്കളേയും തിരികെ വേണമെന്ന് കടയ്ക്കാവൂര്‍ പോസ്‌കോ കേസില്‍ പ്രതിയായ അമ്മ

കൊല്ലം: തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന കടയ്ക്കാവൂര്‍ പോക്സോ കേസില്‍ പ്രതിയായ അമ്മ. തന്നെ കേസില്‍ കുടുക്കിയത് ഭര്‍ത്താവും രണ്ടാം ഭാര്യയും ചേര്‍ന്നാണെന്നും, പരാതി നല്‍കിയ മകന്‍ ഉള്‍പ്പെടെ എല്ലാമക്കളെയും തിരികെ വേണമെന്നും ജാമ്യം ലഭിച്ചതിന് ശേഷം വീട്ടില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ യുവതി വ്യക്തമാക്കി.

കുടുംബ കോടതിയില്‍ ജീവനാംശത്തിനായി കേസ് കൊടുത്തപ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാനായി കെട്ടിച്ചമച്ച കേസാണിതെന്നാണ് യുവതി പറഞ്ഞത്. ജോലി ചെയ്തിരുന്ന സ്ഥലത്ത് വന്ന് മൊഴിയെടുക്കാനാണെന്ന് പറഞ്ഞ് കൊണ്ടുപോയാണ് അറസ്റ്റ് ചെയ്തതെന്നും എനിക്കെതിരെ മകന്‍ പരാതി തന്നിട്ടുണ്ടെന്നും റിമാന്‍ഡ് ചെയ്യാന്‍ കോടതിയുടെ ഉത്തരവ് ഉണ്ടെന്നുമാണ് പോലീസ് പറഞ്ഞത്.

അതേസമയം പോലീസിന്റെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റം ഉണ്ടായിട്ടില്ലെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. മകനെ ഭീഷണിപ്പെടുത്തിയായിരിക്കും പരാതി കൊടുപ്പിച്ചത്. അല്ലെങ്കില്‍ എന്റെ മകന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല. പോലീസ് കണ്ടെത്തിയെന്ന് പറയുന്ന ഗുളിക എന്താണെന്ന് അറിയില്ല. മകനെ അലര്‍ജിക്ക് ഡോക്ടറെ കാണിച്ചിട്ടുണ്ട്. അലര്‍ജിയുടെ ഗുളികയായിരിക്കും അതെന്നും യുവതി പറഞ്ഞു.

എനിക്ക് വേണ്ടി മാത്രമല്ല എല്ലാ അമ്മമാര്‍ക്കും വേണ്ടി സത്യം പുറത്തുവരണം. പോലീസ് മൊബൈലില്‍ നിന്ന് കണ്ടെത്തിയെന്ന് പറയുന്നതിനെക്കുറിച്ച് ഒന്നും അറിയില്ല. കേസ് തെളിയണം, എല്ലാവരും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും കരഞ്ഞുകൊണ്ട് യുവതി പറഞ്ഞു.