കോട്ടയം:തൊടുപുഴ കോടതിയിൽവിചാരണയിലിരിക്കുന്ന കഞ്ചാവ് കേസിൽ നിന്നും രക്ഷപെടുത്താൻ ഗുണ്ടാ സംഘത്തലവൻ അലോട്ടിയ്ക്കു വേണ്ടി സാക്ഷികളെ ഭീഷണിപ്പെടുത്തിയ ഗുണ്ടാ സംഘാംഗത്തെ പൊലീസ് അററസ്റ്റ് ചെയ്തു. കടുത്തുരുത്തികെ.എസ്.പുരം ഗവ.എൽ.പി സ്കൂൾ ഭാഗത്ത് കാലായിൽവീട്ടിൽ കെ.വി ഷിബു (കാച്ചിക്ക-42)വിനെയാണ് വൈക്കം ഡിവൈ.എസ്.പി എ.ജെ തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
2021 ജൂലായ് 26 ന് 59.5 കിലോ കഞ്ചാവുമായി അലോട്ടിയുടെ സംഘത്തെ കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ അറസ്റ്റിലായ ആർപ്പക്കര കൊപ്രായിൽ വീട്ടിൽ ജെയിസ് മോൻ ജേക്കബ് (അലോട്ടി -28) ഇപ്പോഴും ജയിലിൽ കഴിയുകയാണ്. ഇതിനു ശേഷം തൊടുപുഴ ലഹരി വിരുദ്ധ കോടതിയിൽ കേസിന്റെ വിചാരണ ആരംഭിച്ചിരുന്നു. ഇതിനിടെ കേസിലെ സാക്ഷികളെ ഷിബുവിന്റെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തുകയായിരുന്നു.
കേസിൽ സാക്ഷി പറയാൻ പോയാൽ തല കാണില്ലെന്നാണ് ഗുണ്ടാ സംഘം സാക്ഷികളെ ഭീഷണിപ്പെടുത്തിയത്. തുടർന്നു സാക്ഷികളുടെ മൊഴിയെടുത്ത പോലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.കേസിൽ ഒരു പ്രതിയെക്കൂടി പിടികൂടാനുണ്ടെന്നു പൊലീസ് അറിയിച്ചു.