കൽപ്പറ്റ : വയനാട്ടില്‍ നിന്ന് കാണാതായ പനമരം വനിത സിഐയെ കണ്ടെത്തിയതിന് പിന്നാലെ സ്ഥലംമാറ്റി. പനമരം സിഐ കെ എ എലിസബത്തിനെയാണ് സ്റ്റേഷൻ ചുമതലയിൽ നിന്ന് വയനാട് ക്രൈം ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയത്. അടുത്തിടെ കോടതി ഡ്യൂട്ടിക്കായി പോയ എലിസബത്തിനെ കാണാതായിരുന്നു. തിരുവനന്തപുരത്തെ വനിതാ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് സിഐയെ പിന്നീട് രണ്ട് ദിവസത്തിന് ശേഷം പൊലീസ് കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് സ്ഥലം മാറ്റിയത്. പൊലീസ് ഉദ്യോഗസ്ഥയെ കാണാതായതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
കോടതി ആവശ്യത്തിനായി വയനാട്ടില്‍ നിന്ന് പാലക്കാടേക്ക് പോയ ഉദ്യോഗസ്ഥയെ കാണാതായത് വലിയ വാര്‍ത്തയായിരുന്നു. ഈ മാസം പത്താം തീയതി വൈകിട്ടാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് കോടതിയിൽ ഹാജരാകാൻ പോയ സിഐ എലിസബത്തിനെ കാണാതാകുന്നത്. എലിസബത്ത് ഉപയോഗിച്ചിരുന്ന രണ്ട് നമ്പറുകളും സ്വിച്ച് ഓഫായ നിലയിലായിരുന്നു. പാലക്കാടേക്കുള്ള കെഎസ്ആർടിസി ബസിൽ എലിസബത്ത് കയറിയതിന്‍റെ തെളിവുകൾ പൊലീസിന് ലഭിച്ചത് നിര്‍ണായകമായി. എന്നാൽ, സിഐ കോടതിയിൽ എത്തിയില്ല. സംഭവത്തിൽ മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലീസ് സ്വമേധയാ കേസ് എടുത്ത് അന്വേഷണം തുടങ്ങി.
കമ്പളക്കാട് സിഐയും സംഘവും പാലക്കാട് ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടയിലാണ് എലിസബത്ത് തിരുവനന്തപുരത്തുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. റിട്ട. സിഐയായ വനിതാ സുഹൃത്തിന്‍റെ വീട്ടിലായിരുന്നു എലിസബത്ത് ഉണ്ടായിരുന്നത്. രണ്ട് വർഷം മുൻപ് പാലക്കാട് ആലത്തൂർ സ്‌റ്റേഷനിലെ സി ഐ ആയിരുന്നു എലിസബത്ത്.