23.9 C
Kottayam
Tuesday, May 21, 2024

KSRTC ബസിലെ പരസ്യം നിയമവിരുദ്ധം;ഏകീകൃത കളര്‍ കോഡ് പാലിക്കാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കണം – ഹൈക്കോടതി

Must read

കൊച്ചി: കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ പരസ്യം പതിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി. കെ.എസ്.ആര്‍.ടി.സി. ഉള്‍പ്പെടെ ഏകീകൃത കളര്‍ കോഡ് പാലിക്കാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം കൊണ്ടുവരാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഉടമകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. കൂടതല്‍ സമയം നല്‍കാനാകില്ല എന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.

ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത കളര്‍ കോഡ് കൊണ്ടുവരുന്ന സാഹചര്യത്തില്‍ ഇതില്‍ നിന്ന് വിഭിന്നമായി കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ ഉള്‍പ്പെടെ പരസ്യം പതിച്ചിരിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പൊതുമേഖലയിലായാലും സ്വകാര്യമേഖലയിലായാലും വാഹനങ്ങള്‍ക്ക് നിലവിലുള്ള കളര്‍ കോഡ് മാറ്റാനാകില്ല. ഇത് പരിഗണിക്കിമ്പോള്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ ഉള്‍പ്പെടെ പരസ്യം പതിച്ചിരിക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതി പറഞ്ഞു.

ഏതെങ്കിലും തരത്തില്‍ വാഹനങ്ങള്‍ നിയമം ലംഘിക്കുന്നുണ്ടെങ്കില്‍ അവ നിരത്തിലിറങ്ങാന്‍ സമ്മതിക്കരുതെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. യാതൊരു കാരണവശാലും രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങാന്‍ മോട്ടോര്‍ വാഹനവകുപ്പ് അനുവദിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു.

വാഹന പ്രദര്‍ശനങ്ങളില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. മലപ്പുറത്തെ ഒരു കോളേജില്‍ അടുത്ത കാലത്ത് നടന്ന ഓട്ടോ ഷോയുടെ ദൃശ്യങ്ങളും കോടതി പരിശോധിച്ചു. ഈ ഓട്ടോ ഷോയില്‍ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിനെതിരായ പരാതി ലഭിച്ച സാഹചര്യത്തിലാണ് കോടതി ഇത് പരിശോധിച്ചത്.

വടക്കഞ്ചേരി ബസ് അപകടത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കും വീഴ്ചയുണ്ടായതായാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിലയിരുത്തല്‍. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ടൂറിസ്റ്റ് ബസാണ് വിനോദ സഞ്ചാരത്തിന് ഉപയോഗിച്ചത്. ഇതാണ് സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെന്ന് കോടതി ചൂണ്ടിക്കാണിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week