താന്‍ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാരിലൊരാള്‍ പിണറായി വിജയനാണെന്ന് കോണ്‍ഗ്രസ് നേതാവ് കെവി തോമസ്. പിണറായി വിജയന്‍ നല്ലത് ചെയ്താല്‍ നല്ലത് ചെയ്‌തെന്ന് പറയുന്ന ആളാണ് താനെന്നും വെല്ലുവിളിയായിരുന്ന ഗെയില്‍ പദ്ധതി ധീരമായി പൂര്‍ത്തീകരിച്ചത് പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷമാണെന്നും കെവി തോമസ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
കെവി തോമസിന്റെ വാക്കുകള്‍: ”കേരളത്തിന് നിരവധി സാധ്യതകളുണ്ട്. കേരളം വികസിക്കണം, വളരണം. ഗെയില്‍ പദ്ധതി ധീരമായി പൂര്‍ത്തീകരിച്ചത് പിണറായി വിജയനാണ്. പിണറായി വിജയന്‍ നല്ലത് ചെയ്താല്‍ നല്ലത് ചെയ്‌തെന്ന് പറയുന്ന ആളാണ് ഞാന്‍. ഞാന്‍ കണ്ട ശക്തരായ രണ്ട് നേതാക്കളാണ് കെ കരുണാകരനും പിണറായി വിജയനും. തീരുമാനമെടുത്താല്‍ നടപ്പിലാക്കുന്ന വ്യക്തിയാണ് കരുണാകരന്‍. അതുപോലൊരു നേതാവായി പിണറായി വിജയനെ കാണുന്നു. അദ്ദേഹത്തിന്റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ തിരുത്തണം. നല്ല മുഖ്യമന്ത്രിയാണ് പിണറായി.”
താന്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കൊപ്പമാണെന്നും കെവി തോമസ് പറഞ്ഞു. ”വികസനകാര്യത്തില്‍ സില്‍വര്‍ ലൈനൊപ്പമാണ് ഞാന്‍. കേരളത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം ഭൂമിയേറ്റെടുക്കലാണ്. ദേശീയപാതകള്‍ ഇന്നും ഇടുങ്ങിയ സ്ഥലങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇത്തരം കാര്യങ്ങളില്‍ മാറ്റം വരണം. പരസ്പരം ഏറ്റുമുട്ടിയാല്‍ ശരിയാകുമോ. വികസനകാര്യത്തില്‍ രാഷ്ട്രീയം മാറ്റിവയ്ക്കണം.”- കെവി തോമസ് പറഞ്ഞു.