കൽപ്പറ്റ: തെരഞ്ഞെടുപ്പ് കോഴ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്. ഈ മാസം 14ന് 11 മണിക്ക് കൽപ്പറ്റയിൽ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകി. വയനാട് എസ്പി ഓഫീസിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. ബത്തേരി മണ്ഡലത്തിൽ സ്ഥാനാർഥിയാകാൻ സി കെ. ജാനുവിന് പണം നൽകിയെന്ന കേസിലാണ് നടപടി.
ബത്തേരിയില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ സി.കെ. ജാനുവിന് കോഴനല്‍കിയതുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഫോണ്‍ സംഭാഷണത്തിലെ ശബ്ദം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റേത് തന്നെയെന്നാണ് ഫോറന്‍സിക്ക് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ജെ.ആര്.പി ട്രഷറര്‍ പ്രസീത അഴീക്കോട് പുറത്തുവിട്ട ശബ്ദരേഖയിലാണ് സ്ഥിരീകരണം.
14 ഇലക്ട്രോണിക് ഡിവൈസുകളുടേയും ഫോറന്‍സിക് റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചു. ഇനി ലഭിക്കാനുള്ളത് ഒരു ഫോണിലെ വിവരങ്ങള്‍ മാത്രമാണ്. കെ. സുരേന്ദ്രനും സി.കെ. ജാനുവിനും പ്രശാന്ത് മലവയലിനും എതിരെ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോഴ നല്‍കിയെന്ന വകുപ്പാണ് സുരേന്ദ്രനെതിരെ ചുമത്തിയിരുന്നത്. 2021 മാര്‍ച്ച് മാസം തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച് 10 ലക്ഷം രൂപയും ബത്തേരിയിലെ ഹോംസ്റ്റേയില്‍ വെച്ച് 25 ലക്ഷം രൂപയും സി.കെ ജാനുവിന് കൈമാറിയെന്നാണ് ആരോപണം.
സുൽത്താൻ ബത്തേരിയിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം സി.കെ. ജാനു അടക്കമുള്ളവരുടെ നേതൃത്വത്തിൽ ജെ.ആർ.പിയാണ് സംഘടിപ്പിച്ചിരുന്നത്. ജെ.ആർ.പി പ്രചാരണ ചെലവുകൾക്കായി പണം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം മഞ്ചേശ്വരത്തെത്തി സുരേന്ദ്രനുമായി ജെ.ആർ.പി നേതാക്കൾ നേരിട്ട് സംസാരിക്കുകയും ചെയ്തു. ഈ കൂടിക്കാഴ്ചയിലെ ധാരണ പ്രകാരമാണ് ഗണേശൻ വഴി സുൽത്താൻ ബത്തേരിയിൽ പണം എത്തിച്ചുകൊടുത്തതെന്നായിരുന്നു പ്രസീത അഴീക്കോട് ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി.
മാർച്ച് 26ന് ബത്തേരിയിലെ ഒരു ഹോം സ്റ്റേയിൽ വെച്ച് ബി.ജെ.പി ജില്ല സെക്രട്ടറി പ്രശാന്ത് മലവയലാണ് സി.കെ. ജാനുവിന് പണം കൈമാറിയത്. പൂജാ സാധനങ്ങളെന്ന് തോന്നിക്കുന്ന തരത്തിൽ കാവിത്തുണിയിൽ പൊതിഞ്ഞാണ് പണമെത്തിച്ചത്. ജെ.ആർ.പിക്ക് എന്നുപറഞ്ഞാണ് ബി.ജെ.പി നേതൃത്വം ജാനുവിന് പണം കൈമാറിയത്.
എന്നാൽ, ജാനു ഈ പണം ജെ.ആർ.പി നേതാക്കൾക്ക് നൽകിയില്ലെന്നാണ് പ്രസീത ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്. പണം കൂടുതലും ജാനു വ്യക്തിപരമായാണ് ചെലവഴിച്ചത്. ജെ.ആർ.പിക്ക് പണം കിട്ടിയില്ല. ആദിവാസികൾക്ക് വിതരണം ചെയ്യാനാണ് പണമെന്നാണ് ജാനു തങ്ങളോട് പറഞ്ഞതെന്നും പ്രസീത വെളിപ്പെടുത്തിയിരുന്നു.