തിരുവനന്തപുരം: സോളാർ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും ജുഡീഷ്യൽ അന്വേഷണം മതിയെന്നും നിലപാട് എടുത്തിരുന്ന സി.പി.എമ്മും ഇടതുപക്ഷവും നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ പടിവാതിക്കലിൽ കേസ് സി.ബി.ഐക്ക് വിടാൻ തീരുമാനിച്ചത് ജനങ്ങളെ കബളിപ്പിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ.
സോളാർ വിവാദം ഉയർത്തി ഭരണത്തിലെത്തിയ ഇടതുപക്ഷം അഞ്ചുവർഷം ഭരിച്ചിട്ടും ഈ കേസിൽ ഒരു ചെറുവിരൽ പോലും അനക്കിയില്ല. പ്രഥമദൃഷ്ടിയാൽ തന്നെ കേസെടുക്കാൻ വകുപ്പുള്ള പീഡന കേസ് വരെ ഉണ്ടായിട്ടും പിണറായി സർക്കാർ ഒന്നും ചെയ്തില്ല. ഇപ്പോൾ കേസ് സി.ബി.ഐക്ക് വിടുന്നത് രാഷ്ട്രീയ നാടകമാണ്. യു.ഡി.എഫ്- എൽ.ഡി.എഫ് പരസ്പര സഹകരണത്തിൻ്റെ പ്രത്യക്ഷ ഉദ്ദാഹരമാണ് സോളാർ കേസ് അട്ടിമറി.
ടി.പി വധക്കേസിലും ഇത്തരം രാഷ്ട്രീയ ധാരണയുണ്ടാക്കിയാണ് സി.പി.എം ഉന്നത നേതാക്കളെ ഉമ്മൻചാണ്ടി സർക്കാർ രക്ഷിച്ചത്. വടക്കാഞ്ചേരി ലൈഫ് മിഷൻ തട്ടിപ്പിലും ഡോളർക്കടത്തിലും പെരിയ ഇരട്ടക്കൊലപാതക കേസിലും ലാവ്ലിൻ കേസിലും സി.ബി.ഐയെ എതിർക്കുന്ന സി.പി.എമ്മിന് സോളാർ കേസിൽ സി.ബി.ഐ വേണമെന്നത് വിചിത്രമാണ്. ഇതോടെ കേന്ദ്ര ഏജൻസികൾക്കെതിരായ സി.പി.എമ്മിൻ്റെ ഇരട്ടത്താപ്പ് വെറും രാഷ്ട്രീയമാണെന്ന് ജനങ്ങൾക്ക് ബോധ്യമായി കഴിഞ്ഞു.
കേരളത്തെ ഞെട്ടിച്ച അഴിമതിയും സ്ത്രീപീഡനവും ഉൾപ്പെട്ട സോളാർ കേസ് അട്ടിമറിച്ചത് പിണറായി വിജയനാണെന്നും സുരേന്ദ്രൻ പറഞ്ഞു.