കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച കൊച്ചിയിലെ കത്തോലിക്കാ സഭ ആസ്ഥാനത്ത് വച്ചായിരുന്നു കൂടിക്കാഴ്ച. നടത്തിയത് സ്വകാര്യ സൗഹൃദ സന്ദര്‍ശനമാണ്. രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.
പ്രഭാത ഭക്ഷണം കഴിക്കാനായാണ് കെസിബിസി ആസ്ഥാനത്തെത്തിയതെന്നും കൂചിക്കാഴ്ച വ്യക്തിപരമാണെന്നും കെ.സുരേന്ദ്രന്‍ വ്യക്തമാക്കി. ”രാവിലെ പ്രഭാതഭക്ഷണം കഴിക്കാന്‍ വന്നു. തിരഞ്ഞെടുപ്പ് വിഷങ്ങളൊന്നും പിതാവുമായി ചര്‍ച്ച ചെയ്തില്ല. സ്വകാര്യ സന്ദര്‍ശനമാണിത്. അതില്‍ കവിഞ്ഞ രാഷ്ട്രീയ പ്രധാന്യം ഒന്നുമില്ല’. സുരേന്ദ്രന്‍ പറഞ്ഞു.
ബിജെപിയുടെ തിരഞ്ഞെടുപ്പ് യാത്ര ഇപ്പോഴും തുടരുകയാണ്. അതിന്റെ ഭാഗമായി രാവിലെ ആദ്യപരിപാടി എന്ന നിലയിലാണ് ആലഞ്ചേരിയുമായി കെസിബിസി ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തിയത്. സന്ദര്‍ശനത്തിനായി എത്തുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോള്‍ സുരേന്ദ്രന്‍ അസ്വസ്ഥനായിരുന്നു. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ല എന്നാവര്‍ത്തിക്കാനും അദ്ദേഹം മറന്നില്ല. തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ പിന്തുണ ഉറപ്പാക്കാനായി ആണ് ബിജെപി ശ്രമമെന്നാണ് വിവരം. ഊര്‍ജിത ശ്രമങ്ങളാണ് ഇതിന് വേണ്ടി നടക്കുന്നത്.
അതേസമയം രണ്ട് റിട്ട. ഹൈക്കോടതി ജഡ്ജിമാര്‍ ബിജെപയില്‍ ചേര്‍ന്നു. പിഎന്‍ രവീന്ദ്രന്‍, വി ചിദംബരേഷ് എന്നിവരാണ് ബിജെപിയില്‍ അംഗത്വമെടുത്തത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ തൃപ്പൂണിത്തുറയിലെ സ്വീകരണ യോഗത്തിലായിരുന്നു ഇവര്‍ ഉള്‍പ്പെടെ പതിനെട്ടു പേരുടെ അംഗത്വ സ്വീകരണം.
ഡല്‍ഹിയില്‍ ആയതിനാല്‍ ചിദംബരേഷ് ചടങ്ങിന് എത്തിയില്ല. എന്നാല്‍ അദ്ദേഹം ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിച്ചതായി ബിജെപി അറിയിച്ചു. ചിദംബരേഷ് ഇക്കാര്യം സ്ഥിരീകരിച്ചു. താന്‍ നേരത്തെ തന്നെ ബിജെപിയുടെ സഹയാത്രികന്‍ ആയിരുന്നുവെന്ന് ചിദംബരേഷ് പറഞ്ഞു. ഇപ്പോള്‍ ഔദ്യോഗികമായി പാര്‍ട്ടി അംഗമായി. ഡല്‍ഹിയില്‍ ആയതിനാലാണ് ചടങ്ങില്‍ പങ്കെടുക്കാതിരുന്നത്- അദ്ദേഹം പറഞ്ഞു.
മുന്‍ ഡിജിപി വേണുഗോപാലന്‍ നായര്‍, അഡ്മിറല്‍ ബിആര്‍ മേനോന്‍, ബിപിസിഎല്‍ മന്‍ ജനറല്‍ മാനേജര്‍ സോമചൂഡന്‍ എന്നിവരും ഏതാനും മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി അംഗത്വം സ്വീകരിച്ചു.