ന്യൂഡല്‍ഹി: മരംമുറി വിവാദത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മന്ത്രിസഭ അറിഞ്ഞാണോ ഉത്തരവെന്ന് മുഖ്യമന്ത്രി പറയണം. വിവാദ ഉത്തരവ് മന്ത്രിസഭ ചര്‍ച്ച ചെയ്തിരുന്നോ എന്നും സുരേന്ദ്രന്‍ ഡല്‍ഹിയില്‍ ചോദിച്ചു.
സംഭവം ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവച്ച് സര്‍ക്കാരിന് രക്ഷപെടാനാകില്ല. ഉദ്യോഗസ്ഥ വീഴ്ചയെങ്കില്‍ ഉത്തരവിറക്കിയ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാത്തതെന്തെന്നും അദ്ദേഹം ചോദിച്ചു. ഉദ്യോഗസ്ഥരെ ബലിയാടാക്കാന്‍ നീക്കം നടക്കുന്നുണ്ട്. സത്യസന്ധരായ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
തിരിച്ചുവരില്ലെന്ന് കരുതി സര്‍ക്കാര്‍ നടത്തിയ കടുംവെട്ടുകളിലൊന്നാണ് മരംമുറി. ഇതിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണം. രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കാത്തത് എന്താണെന്നും സുരേന്ദ്രന്‍ ചോദിച്ചു.
വീരപ്പന്‍മാരുടെ ഭരണമാണ് ഇവിടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാനം രാജേന്ദ്രന്റെ മൗനം എന്താണ് പറയുന്നത്. ബിനോയ് വിശ്വം എന്താണ് മൗനം തുടരുന്നത്. കാനം പൊതു സമൂഹത്തിന് മുന്നില്‍വന്ന് തുറന്നു പറയണം. പരിസ്ഥിതി സംരക്ഷണ വാദിയായ ബിനോയ് വിശ്വവും മറുപടി പറയണം.
കാല്‍ക്കോടി കൈകൂലി കൊടുത്താണ് മരം കടത്തിയതെന്ന് പറഞ്ഞിട്ടും ഇത് അന്വേഷിക്കാന്‍ ആളില്ല. മരം മുറിക്കെതിരെ ജൂണ്‍ 16ന് സംസ്ഥാന വ്യാപകമായി ബിജെപി പ്രതിഷേധം സംഘടിപ്പിക്കുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.