കോന്നി: മോദി സര്‍ക്കാര്‍ നല്‍കിയ സാധനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ സഞ്ചിയിലാക്കി സൗജന്യ കിറ്റെന്ന് പറഞ്ഞ് നല്‍കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തങ്ങളാണ് നല്‍കുന്നതെന്ന് പറഞ്ഞ് മേനി നടിക്കുകയാണ് കേരള സര്‍ക്കാരെന്ന് സുരേന്ദ്രന്‍ വിമര്‍ശിച്ചു.
മോദിയുടെ വികസനം ഇവിടെയും എത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ ജനങ്ങള്‍. ചോദിച്ചതിനേക്കാള്‍ കൂടുതല്‍ കേന്ദ്രം തന്നു. കേന്ദ്ര സര്‍ക്കാര്‍ തന്ന അരിയും മറ്റു സാധനങ്ങളും സഞ്ചിയിലാക്കി കിറ്റ് വിതരണം എന്ന് പറഞ്ഞ് നടക്കുകയാണ്. മോദി സര്‍ക്കാര്‍ ഇല്ലായിരുന്നെങ്കില്‍ കേരളത്തിന്റെ ഖജനാവ് പൂട്ടിപ്പോകുമായിരുന്നു. ശമ്പളവും പെന്‍ഷനും കൊടുക്കാനാകുമായിരുന്നില്ല. പ്രളയം വന്നപ്പോള്‍ മോദി നല്‍കിയ സഹായം ജനങ്ങള്‍ക്ക് നല്‍കിയില്ലെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
യേശുദേവനെ പിന്നില്‍ നിന്ന് കുത്തിയ യൂദാസിന്റെ മനസ്സുള്ള ചില ആളുകള്‍ മോദി കോന്നിയില്‍ വരുന്നതിനെതിരെ പ്രസ്താവന ഇറക്കിയെന്നും സരേന്ദ്രന്‍ പറഞ്ഞു. അവര്‍ കോന്നിയിലെ ജനങ്ങളെ പിന്നില്‍ നിന്ന് കുത്തി രാഹുല്‍ ഗാന്ധി സര്‍ക്കാരില്‍ മന്ത്രിയാകാന്‍ പോയവരാണ്. ഇപ്പോള്‍ അവിടേയും ഇല്ല ഇവിടേയും ഇല്ല എന്ന അവസ്ഥയിലാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
മോദിയുടെ പാദസ്പര്‍ശം പോലും ഇത്തരക്കാര്‍ ഭയം ജനിപ്പിക്കുന്നു. ലവ് ജിഹാദിന്റെ പേരില്‍ എത്രയോ അമ്മമാര്‍ നിലവിളിക്കുമ്പോഴും പിണറായിയുടെ പോലീസ് ഭക്തരെ മര്‍ദിക്കുമ്പോഴും ഇത്തരം യൂദാസിന്റെ ആളുകള്‍ കണ്ടില്ലെന്ന് നടിച്ചു. അവരാണിപ്പോള്‍ വിശ്വാസത്തിന്റെ പേര് പറയുന്നത്. കേരളം ഒരു വലിയ പരിവര്‍ത്തനത്തിന് കാതോര്‍ക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം സ്വാമിയേ ശരണമയ്യപ്പാ എന്ന് വിളിച്ചാണ് കെ സുരേന്ദ്രന്റെ പ്രചാരണാര്‍ത്ഥം പത്തനംതിട്ടയില്‍ എത്തിയ പ്രധാനമന്ത്രി തന്റെ പ്രസംഗമാരംഭിച്ചത്. ഇത് ഭഗവാന്‍ അയ്യപ്പന്റെ മണ്ണ് ആണെന്നും പത്തനംതിട്ടയിലെ ക്ഷേത്രങ്ങളുടെ പേരുകള്‍ എടുത്തു പറയുകയും ചെയ്തു. കവിയൂര്‍ ക്ഷേത്രം, തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം, ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രം, മലയാലപ്പുഴ ദേവീക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളെക്കുറിച്ചാണ് മോദി പറഞ്ഞത്. ആത്മീയതയുടെ ഈ മണ്ണിലെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടിയന്തിരാവസ്ഥക്കെതിരെ വിവിധ ആശയത്തില്‍ വിശ്വസിച്ചവര്‍ ഒന്നിച്ചു. സമാനമായ വികാരമാണ് കേരളത്തില്‍ ഇപ്പോള്‍ കാണുന്നത്. ബിജെപിയെ അധികാരത്തിലേറ്റാന്‍ കേരളം തയ്യാറായി ക്കഴിഞ്ഞു. ദില്ലിയിലിരുന്ന് രാഷ്ട്രീയ വിശകലനം നടത്തുന്നവര്‍ കേരളത്തിലെ ജനക്കൂട്ടം കാണുന്നില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ദുര്‍ഭരണത്തിന് എതിരായി, അടിച്ചമര്‍ത്തലുകള്‍ക്ക് എതിരായിട്ട് ജനങ്ങള്‍ പ്രതികരിച്ചിട്ടുണ്ട്. അടിയന്തരവാസ്ഥ കാലത്ത് വിവിധ ആശയത്തിലുള്ളവര്‍ ഒന്നിച്ചു. വിദ്യാസമ്പന്നരായിട്ടുള്ള ആളുകള്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് നടന്നുകൊണ്ടിരിക്കുകയാണ്. മെട്രോമാനെ പോലുള്ള ആളുകളുടെ ബിജെപിയിലേക്കുള്ള കടന്നുവരവ് രാഷ്ട്രീയ കണക്കുകൂട്ടലുകളെ പാടെ തെറ്റിച്ചു.
എല്‍ഡിഎഫും യുഡിഎഫും അവരുടേതായ ഏഴ് പാപങ്ങളാണ് കഴിഞ്ഞ കാലങ്ങളായി നടത്തിയിട്ടുള്ളത്. ഒന്ന്-ദുരഭിമാനവും അഹങ്കരവും മുഖമുദ്രയാക്കി പ്രവര്‍ത്തിച്ചു. എല്‍ഡിഎഫിനേയും യുഡിഎഫിനേയും ഒരിക്കലും പരാജയപ്പെടുത്താനാവില്ലെന്ന അഹങ്കാരമാണ് രണ്ടു മുന്നണികള്‍ക്കും. രണ്ട്-പണത്തോടുള്ള അത്യാര്‍ത്തി, കഴിഞ്ഞ കാലങ്ങളില്‍ നടത്തിയിട്ടുള്ള ഡോളര്‍, സോളാര്‍ തുടങ്ങിയ തട്ടിപ്പുകളും അഴിമതികളും നാം കണ്ടു. മൂന്ന്- ഈ നാട്ടിലെ ജനങ്ങളോടുള്ള ഒടുങ്ങാത്ത പക, സ്വന്തം നാട്ടിലെ വിശ്വാസി സമൂഹത്തെ ഇങ്ങനെ ലാത്തി കൊണ്ട് നേരിടുന്ന ഒരു സര്‍ക്കാരുണ്ടെന്നത് വിശ്വസിക്കാനാകുന്നില്ല.
നാല്- പരസ്പരം അസൂയ, അഴിമതിയുടെ കാര്യത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും പരസപരം അസൂയയാണ്. ആര് കൂടുതല്‍ അഴിമതി നടത്തുമെന്നാണ് അവര്‍ ചിന്തിക്കുന്നത്.അഞ്ച്- അധികാരക്കൊതി, വര്‍ഗീയ ശക്തികള്‍, ക്രിമിനല്‍ സഖ്യങ്ങള്‍ എന്നിവരുമായി സഖ്യമുണ്ടാക്കി അധികാരത്തിലെത്താനാണ് രണ്ടു മുന്നണികളും ശ്രമിക്കുന്നത്. മുത്തലാഖ് വിഷയത്തില്‍ സ്ത്രീവിരുദ്ധ നിലപാടാണ് മുസ്ലിംലീഗ് എടുത്തിട്ടുള്ളത്.
ആറ്- കുടുംബാധിപത്യത്തിന്റെ രാഷ്ട്രീയം, രണ്ട് മുന്നണികളും കുടുംബാധിപത്യം വ്യാപിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. നേതാക്കളുടെ മക്കളുടെ ചെയ്തികള്‍ നാം കണ്ടുകൊണ്ടിരിക്കുന്നതാണ്. ഇടതുപക്ഷത്തെ ഒരു നേതാവിന്റെ മകന്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി ചെയ്ത വിക്രിയകള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. എല്ലാവര്‍ക്കും അതറിയാം.ഏഴ്- നിഷ്‌ക്രിയത്വമാണ് അവരുടെ മുഖമുദ്ര, സ്വന്തം കാര്യങ്ങള്‍ക്ക് മുന്നില്‍ ജനം രണ്ടാമത്തെ കാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.