കണ്ണൂര്‍: ലതിക സുഭാഷിന് പിന്തുണ അറിയിച്ച് കെ. സുധാകരന്‍ എം.പി. ലതിക സുഭാഷിനോട് കോണ്‍ഗ്രസ് നേതൃത്വം നീതി കാട്ടിയില്ലെന്ന് സുധാകരന്‍ പറഞ്ഞു. ലതികയോട് സംസാരിച്ചിരുന്നു. അവരുടെ ആവശ്യം ന്യായമാണ്. അവര്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും കെ. സുധാകരന്‍ പറഞ്ഞു.
പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മാനിക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന് ബാധ്യതയുണ്ട്. കെപിസിസിയുടെ ഭാഗത്തു നിന്നുണ്ടായ തെറ്റ് കെപിസിസി തന്നെ തിരുത്തും. കഴിഞ്ഞ കാലത്തെ കണ്‍വെന്‍ഷന്‍ സിസ്റ്റത്തില്‍ നിന്ന് വ്യതിചലിച്ചു. പറയാന്‍ പലതുമുണ്ട്. എല്ലാം പറയുന്നത് ഈ സമയത്ത് ശരിയല്ല.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകുക എന്നതാണ് ലക്ഷ്യമെന്നും കെ. സുധാകരന്‍ വ്യക്തമാക്കി. ധര്‍മ്മടത്ത് താന്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന് പലരും ആഗ്രഹിച്ചിട്ടുണ്ടാകാം. പക്ഷേ അക്കാര്യം ആവശ്യപ്പെട്ട് ആരും തന്നെ സമീപിച്ചിട്ടില്ലെന്നുംകെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
ഏറ്റുമാനൂര്‍ സീറ്റ് സംബന്ധിച്ച് പല നേതാക്കളും പ്രതീക്ഷ തന്നുവെന്ന് ലതിക സുഭാഷ് പറഞ്ഞു. മറ്റ് മണ്ഡലങ്ങളെക്കുറിച്ച് ചര്‍ച്ച നടന്നിട്ടില്ല. ഇത്തവണ ഏറ്റുമാനൂര്‍ സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും ലതിക സുഭാഷ് പറഞ്ഞു. കോട്ടയത്ത് പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ലതിക സുഭാഷ്.
കേരള കോണ്‍ഗ്രസില്‍ നിന്ന് ഏറ്റെടുക്കുന്നതില്‍ പ്രഥമ പരിഗണ ഏറ്റുമാനൂരിനായിരുന്നു. ഏറ്റുമാനൂര്‍ ജോസഫ് ഗ്രൂപ്പിന് നല്‍കിയെന്നല്ലാതെ മറ്റൊന്നും അറിയിച്ചിരുന്നില്ല. കോണ്‍ഗ്രസിന് ഏറ്റവും ശക്തമായ മണ്ഡലമാണ് ഏറ്റുമാനൂര്‍. ഏറ്റുമാനൂരുകാര്‍ കൈപ്പത്തിക്ക് വോട്ട് ചെയ്യാന്‍ കൊതിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ സ്വതന്ത്രമായി മത്സരിച്ച് ജയിച്ച ചരിത്രം ഏറ്റുമാനൂരിനുണ്ടെന്നും ലതിക സുഭാഷ് കൂട്ടിച്ചേര്‍ത്തു.