തിരുവനന്തപുരം: പാലക്കാട് ഉപ തെരഞ്ഞെടുപ്പ് സ്ഥാനാർഥിയുമായി ബന്ധപ്പെട്ട ഡി സി സിയുടെ കത്ത് പുറത്ത് വന്ന വിഷയം ഗൗരവമായെടുത്ത് അന്വേഷണം നടത്തി അതനുസരിച്ചുള്ള നടപടിയുണ്ടാകുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എംപി. അഭിപ്രായ സ്വാതന്ത്ര്യവും സംഘടനാ പ്രവര്‍ത്തനത്തില്‍ സുതാര്യതയുമുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസ്.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് പല അഭിപ്രായങ്ങളും ഉയര്‍ന്നുവരും. അതെല്ലാം വിലയിരുത്തിയാണ് നേതൃത്വം അന്തിമ തീരുമാനം എടുക്കുന്നത്. പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ ഒറ്റക്കെട്ടായി അതനുസരിക്കുകയാണ് കോണ്‍ഗ്രസിന്റെ സംസ്‌കാരമെന്നും കെ സുധാകരന്‍ പറഞ്ഞു.
സി പി എമ്മും ബി ജെ പിയും തമ്മിലുള്ള ബന്ധം എഴുപതുകളില്‍ തുടങ്ങിയതാണ്. അതിലെ ഓരേട് മാത്രമാണ് 1991 ല്‍ ബി ജെ പി സഹായം അഭ്യര്‍ത്ഥിച്ചുള്ള സി പി എം നേതൃത്വത്തിന്റെ ഇപ്പോള്‍ പുറത്തുവന്ന കത്ത്. 1970 ല്‍ കൂത്തുപറമ്പില്‍ ബി ജെ പി വോട്ട് വാങ്ങി എം എല്‍ എയായ വ്യക്തിയാണ് പിണറായി വിജയന്‍.
1977 ലും അദ്ദേഹം ബി ജെ പിയുടെ സഹായത്തോടെ മത്സരിച്ചു. അതെല്ലാം മറച്ചുവെച്ചാണ് ഒരു നാണവുമില്ലാതെ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പിണറായി വിജയന്‍ പ്രചരിപ്പിക്കുന്നത്. കോണ്‍ഗ്രസിന് സംഘടനാ പ്രവര്‍ത്തനവും സാമൂഹ്യ സേവനവും നടത്താന്‍ ബി ജെ പിയുടെ സഹായം വേണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു.
അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് സ്ഥാനാര്‍ത്ഥിയായി ഷാഫി പറമ്പില്‍ നിര്‍ദേശിച്ചെന്നും കെ പി സിസി അധ്യക്ഷൻ വ്യക്തമാക്കി. ഷാഫിയുടെ നിർദ്ദേശം കൂടി കണക്കിലെടുത്ത് പാർട്ടി അംഗീകരിച്ചാണ് രാഹുലിനെ സ്ഥാനാർത്ഥിയാക്കിയത്. വടകരയിൽ ഷാഫിയെ സ്ഥാനാർത്ഥിയാക്കിയതിന് പകരമായിരുന്നില്ല ഈ തീരുമാനം. സ്ഥാനാർത്ഥിയെ സംബന്ധിച്ച് പാലക്കാട് ഡി സി സിയിൽ പല അഭിപ്രായങ്ങളും ഉണ്ടായിരുന്നു. എന്നാൽ തീരുമാനം എടുത്ത ശേഷം പിന്നീട് വിവാദങ്ങളിൽ കഴമ്പില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.