KeralaNewsPolitics

‘കെ സുധാകരന്‍ നേരിട്ട് വിളിച്ച് വിലക്കി’; സെമിനാറിനെത്തിയ ആര്‍ ചന്ദ്രശേഖരന്‍ മടങ്ങിയത് സിപിഐഎം നേതാക്കളോട് ഖേദം പ്രകടിപ്പിച്ച്

കണ്ണൂര്‍: കെപിസിസി വിലക്കിയതിനേത്തുടര്‍ന്ന് സിപിഐഎം സെമിനാറിനെത്തിയ ഐഎന്‍ടിയുസി നേതാവ് ഇ ചന്ദ്രശേഖരന്‍ പങ്കെടുക്കാതെ മടങ്ങി. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന് അനുബന്ധമായി നടത്തുന്ന സെമിനാറില്‍ പങ്കെടുക്കാനാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പയ്യന്നൂരിലെത്തിയത്. സംസ്ഥാന നേതൃത്വം വിലക്കിയതിനേത്തുടര്‍ന്ന് പരിപാടി ഉപേക്ഷിച്ച് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.

കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ നേരിട്ട് വിളിച്ച് സെമിനാറില്‍ പങ്കെടുക്കുന്നത് വിലക്കിയെന്ന് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. പാര്‍ട്ടി വിലക്കിയതിനാല്‍ സെമിനാറില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും ഐഎന്‍ടിയുസി നേതാവ് വ്യക്തമാക്കി. സിപിഐഎം നേതാക്കളെ കണ്ട് ഖേദം പ്രകടിപ്പിച്ചാണ് ഇ ചന്ദ്രശേഖരന്‍ മടങ്ങിയത്. പാര്‍ട്ടി കോണ്‍ഗ്രസ് പരിപാടികളില്‍ പങ്കെടുക്കുന്നതിന് കെപിസിസി വിലക്കേര്‍പ്പെടുത്തിയത് ദൗര്‍ഭാഗ്യകരമാണെന്ന് സിപിഐഎം പ്രതികരിച്ചു.

സിപിഐഎം സെമിനാറില്‍ ക്ഷണം ലഭിച്ച ശശി തരൂര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചത് ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. സെമിനാറില്‍ പങ്കെടുക്കരുതെന്ന കെപിസിസി നിര്‍ദേശം തനിക്ക് ലഭിച്ചില്ലെന്നാണ് തരൂര്‍ പറയുന്നത്. കെപിസിസി അത്തരമൊരു നിര്‍ദേശം നല്‍കിയാല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് ദേശീയസമ്മേളനമാണ്. അതില്‍ ചിന്തകള്‍ പങ്കുവയ്ക്കുന്നതില്‍ തെറ്റില്ല. ജനാധിപത്യത്തില്‍ വിരുദ്ധ ചേരികളിലുള്ളവര്‍ ചര്‍ച്ചകളിലേര്‍പ്പെടണം. ദേശീയ തലത്തിലെ പരിപാടിയായതിനാലാണ് പങ്കെടുക്കാമെന്ന് ഏറ്റതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

സിപിഐഎം പരിപാടിയില്‍ പങ്കെടുക്കേണ്ടന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കെ സുധാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കെറെയില്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ നേതാക്കള്‍ സിപിഐഎം പരിപാടിയില്‍ പങ്കെടുക്കുന്നത് ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കെപിസിസി നിര്‍ദേശം. ശശി തരൂരിന് പുറമെ കെ വി തോമസിനെയും പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാറുകളിലേക്ക് സിപിഐഎം ക്ഷണിച്ചിരുന്നു.

ബിജെപിയുമായി ചേര്‍ന്ന് സമരം നടത്താന്‍ നേതാക്കള്‍ക്ക് നേതൃത്വം അനുവാദം നല്‍കിയിട്ടുണ്ടെന്നും ഈ വിലക്ക് ഇരട്ടത്താപ്പാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഏപ്രില്‍ ഒമ്പതിന് കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനും എംകെ സ്റ്റാലിന്റെയും സാന്നിദ്ധ്യത്തില്‍ നടക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ബന്ധം എന്ന സെമിനാറിലേക്കാണ് കെ വി തോമസിന് ക്ഷണം ലഭിച്ചിട്ടുള്ളത്. ഏപ്രില്‍ ഏഴിന് മത നിരപേക്ഷത നേരിടുന്ന വെല്ലുവിളികള്‍ എന്ന സെമിനാറിലേക്കാണ് തരൂരിനെ വിളിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button