KeralaNews

പാതയോരങ്ങളില്‍ കൊടിതോരണങ്ങള്‍ കെട്ടാമെന്ന് സര്‍വകക്ഷിയോഗം

തിരുവനന്തപുരം: പാതയോരങ്ങളില്‍ മാര്‍ഗതടസമില്ലാതെ കൊടിതോരണങ്ങള്‍ കെട്ടാമെന്ന് സര്‍വകക്ഷിയോഗം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് തീരുമാനം. വഴിയോരങ്ങളില്‍ കൊടി തോരണങ്ങള്‍ കെട്ടി യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചത്.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മത, സാംസ്‌കാരിക സംഘടനകള്‍ക്കും കൊടിതോരണങ്ങള്‍ കെട്ടാമെന്നാണ് യോഗ തീരുമാനം. എന്നാല്‍ ഇത് മാര്‍ഗതടസം ഉണ്ടാക്കരുതെന്നും വഴിയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും യോഗം നിര്‍ദേശിച്ചു. മാനദണ്ഡം നിശ്ചയിച്ച്, പൊതുജനങ്ങള്‍ക്ക് പ്രയാസം ഉണ്ടാകാത്ത വിധത്തില്‍ കൊടിതോരണങ്ങള്‍ സ്ഥാപിക്കാന്‍ കോടതിയുടെ അനുമതി തേടാനും സര്‍വകകക്ഷി യോഗത്തില്‍ തീരുമാനമായി.

പാര്‍ട്ടി സമ്മേളന വേളകളില്‍ സ്ഥാപിക്കുന്ന കൊടിതോരണങ്ങള്‍ നിശ്ചിത സമയ പരിധിക്കുളളില്‍ മാറ്റാനും മുഖ്യമന്ത്രി വിളിച്ച സര്‍വകകക്ഷി യോഗത്തില്‍ ധാരണയായി. കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി പാതയോരങ്ങളില്‍ സ്ഥാപിച്ച കൊടി തോരണങ്ങള്‍ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി പലതവണ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍മാര്‍ക്കും തദ്ദേശഭരണ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍ ഉത്തരവുകളും പുറപ്പെടുവിച്ചു.

എന്നാല്‍ ഇത് നടപ്പാക്കാതിരുന്നതോടെ ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കുകയായിരുന്നു. സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണവും വിമര്‍ശന വിധേയമായി. ഹൈക്കോടതിയുടെ കര്‍ശന നിലപാടിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചത്.

യോഗ തീരുമാനങ്ങള്‍ പൊതുസമൂഹത്തിന്റെ അഭിപ്രായം എന്ന നിലയില്‍ ഹൈക്കോടതിയെ അറിയിക്കാന്‍ അഡ്വക്കറ്റ് ജനറലിനെ നിയോഗിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മത, സാംസ്‌കാരിക സംഘടനകള്‍ക്കും പ്രചാരണത്തിന് അവസരം നിഷേധിക്കരുതെന്ന് കോടതിയെ അറിയിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker