തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ നേതാക്കളെയും ഒന്നിച്ചുകൊണ്ടുപോകുമെന്നും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ എല്ലാ പ്രവര്‍ത്തനവും നടത്തുമെന്നും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. ഹൈക്കമാന്‍ഡ് തീരുമാനം വന്നതിന് പിന്നാലെ തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിയെ പുനരുജ്ജീവിപ്പിച്ച് ദേശീയ നേതൃത്വം തന്നില്‍ അര്‍പ്പിച്ച വിശ്വാസം കാക്കാന്‍ പ്രവര്‍ത്തിക്കും. അര്‍ഹതയും കഴിവും ഉള്ളവരെ നേതൃനിരയില്‍ എത്തിക്കുമെന്നും ഗ്രൂപ്പിന് മുകളിലാണ് പാര്‍ട്ടിയെന്നും അദ്ദേഹം വ്യക്തമാക്കി. ഗൂപ്പ് നേതാക്കള്‍ തനിക്കെതിരേ എതിര്‍പ്പ് ഉയര്‍ത്തിയ വിഷയത്തോടൊന്നും പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല.
പുതിയ കെപിസിസി അധ്യക്ഷനായി കോണ്‍ഗ്രസ് ദേശീയ നേതൃത്വം നിയമിച്ച തീരുമാനം രാഹുല്‍ ഗാന്ധി നേരിട്ട് സുധാകരനെ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു. സുധാകരനോട് ഗ്രൂപ്പുകള്‍ക്ക് താത്പര്യക്കുറവായിരുന്നെങ്കിലും ഹൈക്കമാന്‍ഡ് ഇക്കാര്യങ്ങളൊന്നും പരിഗണിച്ചില്ല. പ്രതിപക്ഷ നേതാവായി വി.ഡി.സതീശനെ തെരഞ്ഞെടുത്തതിന് സമാനമായാണ് സുധാകരനും പാര്‍ട്ടിയുടെ തലപ്പെത്തിത്തിയത്.
കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഹൈക്കമാന്‍ഡിന് നല്‍കിയ റിപ്പോര്‍ട്ട് സുധാകരന് അനുകൂലമായിരുന്നു. ഇതിന് പുറമേ അണികള്‍ക്കിടയില്‍ സുധാകരനുള്ള സ്വീകാര്യതയും ഹൈക്കമാന്‍ഡ് പരിഗണിച്ചു. നേരത്തെ കെപിസിസി തലപ്പത്തേക്ക് കൊടിക്കുന്നില്‍ സുരേഷിന്റെ പേരും ഉയര്‍ന്നുവന്നെങ്കിലും ഹൈക്കമാന്‍ഡ് സുധാകരന് ഒപ്പം നില്‍ക്കുകയായിരുന്നു.