FeaturedHome-bannerKeralaNews

കെ.സുധാകരൻ കെപിസിസി പ്രസിഡൻ്റ്

ന്യൂഡൽഹി:കേരളത്തിലെ കോൺഗ്രസിനെ ഇനി കെ.സുധാകരൻ നയിക്കും.സുധാകരനെ കെപിസിസി പ്രസിഡന്റായി ഹൈക്കമാൻഡ് പ്രഖ്യപിച്ചു. രാഹുൽ ഗാന്ധി ഫോണിൽ വിളിച്ച് കെ. സുധാകരനെ ഹൈക്കമാൻഡിന്റെ തീരുമാനം അറിയിക്കുകയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിലും ഡൽഹിയിലും കേന്ദ്രീകരിച്ച് നടന്ന ചർച്ചകൾക്ക് ഒടുവിലാണ് കെ.സുധാകരന്റെ പേര് ഹൈക്കമാൻഡ് അംഗീകരിച്ചത്.

താരിഖ് അൻവർ നേരത്തെ കേരളത്തിലെ നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. ഇതിൽ കോൺഗ്രസിലെ മുതിർന്ന എഴുപത് ശതമാനം നേതാക്കളും കെ സുധാകരൻ അധ്യക്ഷനാകട്ടെ എന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. സംഘടനയെ ഒറ്റക്കെട്ടായി കൊണ്ടുപോകാൻ സുധാകരന് കഴിയുമെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തൽ.

സുധാകരന്റെ കണ്ണൂർ ശൈലി കോൺഗ്രസിനെ കരകയറ്റുമെന്ന പ്രതീക്ഷയും നേതൃത്വത്തിനുണ്ട്. മുഖ്യ എതിരാളിയും കേഡർ പാർട്ടിയുമായ സി.പി.എമ്മിനോട് ഏറ്റുമുട്ടുമ്പോൾ അതിനൊത്ത നേതാവ് തലപ്പത്ത് ഇല്ലെങ്കിൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് ഇതിന് പിന്നിൽ.

മൂർച്ചയുള്ള ആക്രമണം നടത്താതെ അയഞ്ഞ ശൈലി പിന്തുടരുന്നത് പാർട്ടിയെ ഇനിയും തളർത്തുമെന്ന ഭയം സാധാരണ പ്രവർത്തകർക്കുമുണ്ട്. നേരത്തെ കെ.പി.സി.സി. അധ്യക്ഷസ്ഥാനത്തേക്ക് പേര് പരിഗണിക്കുന്നുവെന്ന വാർത്ത പുറത്തെത്തിയപ്പോൾ, താൻ അതിന് യോഗ്യനാണെന്ന നിലപാട് സുധാകരൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നാലെ പേരുകൾ പലതും ഉയർന്നുവന്നതോടെ സുധാകരൻ മൗനം പാലിച്ചു. സുധാകരനെ കൊണ്ടുവരൂ കോൺഗ്രസിനെ രക്ഷിക്കൂ എന്ന ഫ്ളക്സുകൾ കെ.പി.സി.സി. ആസ്ഥാനത്ത് ഉയർന്നപ്പോഴും സുധാകരൻ ഒന്നുംമിണ്ടിയില്ല.

കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം നിയമസഭാ തിരഞ്ഞെടുപ്പ് നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടമായിരുന്നു. എന്നാൽ പരാജയം രുചിക്കേണ്ടിവന്നു. കനത്തതോൽവിക്ക് പിന്നാലെ ആരാകും പ്രതിപക്ഷ നേതാവ് എന്നതിനെ ചൊല്ലിയുള്ള ചർച്ചയും പുകിലും പിന്നാലെയെത്തി. മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തിട്ടും ആരാകും പ്രതിപക്ഷ നേതാവ് എന്ന കാര്യത്തിൽ നീക്കുപോക്കുണ്ടായില്ല.

ഒടുവിൽ സമവായത്തിൽ സതീശൻ പ്രതിപക്ഷനേതൃസ്ഥാനത്തേക്കെത്തി. ഇതിനിടെ പ്രതിപക്ഷ നേതാവ് സ്ഥാനത്തെച്ചൊല്ലി ചെന്നിത്തലയും തോൽവിയെയും ഉത്തരവാദത്തെയും പരാമർശിച്ച് മുല്ലപ്പള്ളിയും സോണിയാ ഗാന്ധിക്ക് കത്തയച്ചെന്നും ഇല്ലെന്നും വാർത്തകൾ വന്നു. തോൽവിയുടെ ഉത്തരവാദിത്തം പൂർണമായും ഏറ്റെടുക്കുന്നെന്നും രാജിവെക്കാൻ തയ്യാറാണെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോടു പറയുകയും ചെയ്തു.

പുതിയ അധ്യക്ഷൻ വരുന്നതുവരെയേ താൻ സ്ഥാനത്ത് തുടരൂവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സംഘടനാസംവിധാനം മെച്ചപ്പെടുത്തലും ഗ്രൂപ്പ് മാനേജ്മെന്റും ആയിരിക്കും അധ്യക്ഷപദത്തിലെത്തുന്ന സുധാകരന്റെ വെല്ലുവിളികൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker