‘നമ്മക്ക് നിലയും വിലയുമൊന്നുമില്ല, എന്നെ ആരും ചർച്ചയ്ക്ക് വിളിച്ചിട്ടില്ല’ തുറന്ന് പറഞ്ഞ് സുധാകരൻ

ന്യൂഡൽഹി: സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനിൽക്കേ നിർണായകപ്രതികരണവുമായി കോൺഗ്രസ് നേതാവും എം.പിയുമായ കെ. സുധാകരൻ. നമ്മക്ക് നിലയും വിലയുമൊന്നുമില്ലെന്നും തന്നെ ആരും ചർച്ചയ്ക്ക് വിളിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഡൽഹിയിലെത്തിയ ശേഷമുള്ള സുധാകരന്റെ ആദ്യ പ്രതികരണമാണിത്.

ഒരു ചർച്ചക്കും ആരും എന്നെ വിളിച്ചിട്ടില്ല. നമ്മക്ക് നിലയും വിലയുമൊന്നുമില്ല – കെ. സുധാകരൻ പ്രതികരിച്ചു. നിലയും വിലയുമില്ലെന്ന് പറഞ്ഞുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ടാണ് സുധാകരൻ മറുപടി പറഞ്ഞത്. തന്നെ വിളിച്ചിട്ടില്ലെന്നും ആരെങ്കിലും വിളിക്കണ്ടേയെന്നും അദ്ദേഹം ചോദിച്ചു. സ്ഥാനാർഥി നിർണയത്തിൽ അതൃപ്തിയുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായി പ്രതികരിക്കാൻ അദ്ദേഹം തയ്യാറായതുമില്ല.

നാടകീയരംഗങ്ങളാണ് ഡൽഹി വിമാനത്താവളത്തിൽ നടന്നത്. സാധാരണ എംപിയെന്ന നിലയിൽ വിഐപി ഗേറ്റിലൂടെയാണ് വിമാനത്താവളത്തിൽ നിന്ന് വരേണ്ടത്. എന്നാൽ അത് ഒഴിവാക്കി മറ്റൊരു ഗേറ്റിലൂടെ വരുമെന്ന് അറിയിച്ചിരുന്നു. പക്ഷേ അതുണ്ടായില്ല. മാധ്യമങ്ങളുടെ ശ്രദ്ധ തിരിച്ച ശേഷം വിഐപി ഗേറ്റിലൂടെ തന്നെ പുറത്തേക്ക് വന്നു. സുധാകരൻ കുടുംബാംഗങ്ങളോടൊപ്പം സ്വകാര്യ വാഹനത്തിലാണ് ഡൽഹി വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് പോയത്. അതേസമയം സുധാകരൻ ഇന്ന് പാർലമെന്റിലേക്ക് പോകുന്നുണ്ട്. അവിടെ വെച്ച് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമോ എന്നതിൽ വ്യക്തത വന്നിട്ടില്ല.

മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നാണ് സുധാകരൻ നേരത്തേ വ്യക്തമാക്കിയത്. സുധാകരനോട് ചൊവ്വാഴ്ച ഡൽഹിയിലെത്താൻ നിർദേശിച്ചിരുന്നുവെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം അനുനയനീക്കങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്. നേരത്തേ തിങ്കളാഴ്ച രാഹുൽഗാന്ധിയുമായി കൂടിക്കാഴ്ചക്കെത്താൻ നിർദേശിച്ചിരുന്നുവെങ്കിലും പോകേണ്ടെന്ന തീരുമാനത്തിലായിരുന്നു സുധാകരൻ.

എന്തെങ്കിലും തരത്തിലുള്ള ഉറപ്പ് ഹൈക്കമാൻഡിൽനിന്ന് ലഭിച്ചാൽ മാത്രമേ ഡൽഹിയിലേക്കുള്ളൂവെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. നേതൃത്വം വീണ്ടും നിർദേശിച്ചതിനാൽ ചൊവ്വാഴ്ച ഡൽഹിയിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News