26.3 C
Kottayam
Tuesday, May 7, 2024

സ്‌ഫോടന ശബ്ദം,തലയുയര്‍ത്തി സുധാകരന്‍ പറഞ്ഞു,’ഡിഡ്’; അഞ്ചുമിനിറ്റിനുള്ളില്‍ അറിഞ്ഞു, നാണു കൊല്ലപ്പെട്ടെന്ന്; ലക്ഷ്യം സേവറി രാജനായിരുന്നു എന്നും സുധാകരൻ്റെ മുൻ ഡ്രൈവറുടെ വെളിപ്പെടുത്തല്‍

Must read

കണ്ണൂര്‍ സേവറി നാണുവിന്റെ കൊലപാതകത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുകളുമായി കെ സുധാകരന്റെ മുന്‍ ഡ്രൈവറും കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിയുമായിരുന്ന പ്രശാന്ത് ബാബു. നാണു കൊല്ലപ്പെട്ട ദിവസം ഡിസിസി ഓഫീസില്‍ നിന്ന് കെ സുധാകരനാണ് കൊലപാതകത്തിന് നിര്‍ദേശം നല്‍കിയതെന്നും ബോംബെറിഞ്ഞ സംഘം ഡിസിസി ഓഫീസിനുമുകളിലാണ് താമസിച്ചിരുന്നതെന്നും പ്രശാന്ത് ബാബു പറഞ്ഞു. സിപിഐഎം പ്രവര്‍ത്തകനായ സേവറി രാജനെ കൊലപ്പെടുത്താനായിരുന്നു നിര്‍ദേശം. എന്നാല്‍ രാജനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് നാണു കൊല്ലപ്പെട്ടതെന്നും പ്രശാന്ത് ബാബു കൂട്ടിച്ചേര്‍ത്തു.കേസില്‍ ആറാം പ്രതിയായ താന്‍ കെ സുധാകരന്റെ നിര്‍ദേശപ്രകാരമാണ് കുറ്റമേറ്റെടുത്തതെന്നും പ്രശാന്ത് ബാബു അറിയിച്ചു.

പ്രശാന്ത് ബാബു പറഞ്ഞത്:

ഞാന്‍ അന്ന് കണ്ണൂര്‍ ഡിസിസി ഓഫീസ് സെക്രട്ടറിയായിരുന്നു. അന്ന് ഡിസിസി പ്രസിഡന്റിന്റെ അടുത്തുനില്‍ക്കുമ്പോഴായിരുന്നു വള്ളിക്കുന്നത്ത് ജനാര്‍ദ്ധനന്‍ ആക്രമിക്കപ്പെട്ടു എന്ന് ചില പ്രവര്‍ത്തകര്‍ വന്ന് അറിയിക്കുന്നത്. അവിടെ നിന്ന് വരുമ്പോള്‍ രണ്ടുപേര്‍ തങ്ങളെ ബൈക്കില്‍ പിന്തുടരുന്നു എന്നും മാരകായുധങ്ങളുമായി യോഗശാല റോഡിലേക്ക് പോകുന്നു എന്നും ജവഹര്‍ ലൈബ്രറി കോമ്പൗണ്ടില്‍ അവ ഉപേക്ഷിച്ചത് കണ്ടെന്നും ഈ പ്രവര്‍ത്തകര്‍ അറിയിച്ചു. സിപിഐഎമ്മിന്റെ സജീവപ്രവര്‍ത്തകനായ സേവറി ഹോട്ടലിലെ രാജന് ഇതില്‍ പങ്കുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് അപ്പോള്‍ കൂട്ടത്തിലൊരാള്‍ പറഞ്ഞു.

മറുപടിയായി കെ സുധാകരന്‍ പറഞ്ഞത് അവൈലബിള്‍ ആണല്ലോ അപ്പോള്‍ അതുതന്നെയാകട്ടെ ടാര്‍ജറ്റ് എന്നാണ്. ഉടനെ മുകളില്‍ തന്നെയുള്ള മറ്റൊരു കക്ഷിയെ വിളിച്ച് ഗുണ്ടകളെയിറക്കി. ഒരു വെല്ലീസ് ജീപ്പില്‍ ഒരുകൂട്ടം ആള്‍ക്കാര്‍ പുറപ്പെടുന്നു. ഏകദേശം ഒരു പത്തുമിനിറ്റിനുള്ളില്‍ ഒരു വലിയ സ്‌ഫോടനത്തിന്റെ ശബ്ദം ഡിസിസി ഓഫീസില്‍ ഇരുന്നു തന്നെ കെ സുധാകരനും ഞാനും ഉള്‍പ്പെടുന്നവര്‍ കേട്ടു. അപ്പോള്‍ കെ സുധാകരന്‍ പെട്ടെന്ന് തലയുയര്‍ത്തിക്കൊണ്ട് ‘ഡിഡ്’ എന്നൊരു വാക്കു പറഞ്ഞു. തുടര്‍ന്ന് ഒരു അഞ്ച് മിനിറ്റിനുള്ളില്‍ ആ വാഹനം തിരിച്ചെത്തി ഒരാള്‍ മരണപ്പെട്ടു എന്നറിയിച്ചു. പിന്നീടാണ് അത് സേവറി നാണു ആണ് എന്ന് ഞാനറിയുന്നത്.

കൊയിലാണ്ടിയില്‍ നിന്ന് കണ്ണൂരിലേക്ക് ജോലി തേടിയെത്തിയ വ്യക്തിയായിരുന്നു നാണു. സിപിഐഎമ്മിന്റെ സജീവപ്രവര്‍ത്തകനായ സേവറി രാജന്‍ അന്ന് അവിടെ കണ്ണൂരില്‍ ഹോട്ടല്‍ നടത്തുന്ന ഒരു സാധാരണ വ്യവസായിയായിരുന്നു. അദ്ദേഹത്തോട് നാണു ഒരു ജോലി ആവശ്യപ്പെടുകയും കുറേക്കാലമായി അദ്ദേഹത്തിന്റെ ഹോട്ടലില്‍ പ്രവര്‍ത്തിച്ചുവരികയുമായിരുന്നു. വളരെ പാവപ്പെട്ട കുടുംബത്തില്‍ നിന്നുവന്ന നാണു ഒരു ജീവനോപാദി എന്ന നിലയിലായിരുന്നു ഹോട്ടലില്‍ ജോലി ചെയ്തുവന്നത്. ആക്രമണം നടന്ന ദിവസം ഒരു വാഹനം വന്നു നിന്ന് ബോംബെറിയുന്നത് അയാള്‍ കണ്ടു. പെട്ടെന്ന് തനിക്ക് അന്നം തന്ന ഒരാള്‍ ആക്രമിക്കപ്പെടുന്നു എന്നു കണ്ടപ്പോള്‍ രാജനെ രക്ഷിക്കാന്‍ വേണ്ടി നാണു മുമ്പില്‍ ചാടിവീഴുകയായിരുന്നു എന്നാണ് പിന്നീട് ഞാനറിഞ്ഞത്.

കുടല്‍മാല പുറത്തുചാടിയാണ് അദ്ദേഹം മരിച്ചുവീണത്. അന്ന് രാജനുനേരെ എറിഞ്ഞ ബോംബ് നാണുവിന്റെ ശരീരത്തില്‍ പതിച്ചത് അങ്ങനെയാണ്.അന്ന് അക്രമം നടത്തിയ സംഘത്തിലെ തൃശ്ശൂര്‍ തൃപ്രയാര്‍ ഭാഗത്തുനിന്നുള്ള ത്രിമൂര്‍ത്തി എന്നൊരാളെ മാത്രമാണ് എനിക്ക് അറിയാമായിരുന്നത്. അയാള്‍ ഈ സംഭവത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ഡിസിസി ഓഫീസിന് മുന്നില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. അദ്ദേഹത്തിന്റെ കൂടെ നിരവധിപേരുണ്ടായിരുന്നു. പക്ഷേ അവരൊന്നും ഓഫീസിലെ ജീവനക്കാരുമായി ബന്ധപ്പെട്ടിരുന്നില്ല. ഇടപെടാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശം അവര്‍ക്ക് ലഭിച്ചിരുന്നു എന്നാണ് പിന്നീട് മനസിലാക്കിയത്.

അതിന് മുന്‍പ് ഒരുതവണ കെപിസിസി നല്‍കിയ ഡിസിസിയുടെ ജീപ്പില്‍ ജിമ്മി ജോസഫ് എന്ന വ്യക്തിയോടൊപ്പം തൃശ്ശൂര്‍ ഭാഗത്തേക്ക് പോകാന്‍ കെ സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു. എന്തിനാണ് യാത്രയെന്ന് എന്നോട് പറഞ്ഞിരുന്നില്ല. യാത്രയ്ക്കിടെ ജിമ്മി ഇടയ്ക്കിടെ എസ്ടിഡി ബൂത്തുകളില്‍ നിന്ന് കെ സുധാകരനുമായി ബന്ധപ്പെടുന്നുണ്ടായിരുന്നു. ആ സമയത്ത് സുധാകരന്‍ എറണാകുളത്തെ ഒരു ഹോട്ടലിലാണ് ഉണ്ടായിരുന്നത്. തൃശ്ശൂര്‍ തൃപ്രയാര്‍ ഭാഗത്തെത്തി അവിടെ നിന്നും ഒരു സംഘം ആളുകളുമായി വാഹനം എറണാകുളത്തെ ഹോട്ടലിലെത്തി.

അവിടെ വെച്ച് ഇവര്‍ കെ സുധാകരനുമായി സംസാരിച്ചു. അതില്‍ നിന്ന ജിമ്മി ജോസഫ് ഉള്‍പ്പടെ കുറച്ചുപേരുമായി കണ്ണൂരേക്ക് പോകാന്‍ കെ സുധാകരന്‍ നിര്‍ദേശിച്ചു. അവര്‍ ഡിസിസിയുടെ മുകള്‍വശത്ത് താമസം ആരംഭിക്കുകയായിരുന്നു.

സേവറി നാണു കൊലപാതക കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ആറുപേരില്‍ ആറാം പ്രതിയാണ് ഞാന്‍. സെഷന്‍സ് കോടതിയാണ് ഞങ്ങളെ വെറുതെ വിട്ടത്. അന്ന് മുഖ്യമന്ത്രി കെ കരുണാകരന്റെ നിര്‍ദേശപ്രകാരം ഒരു സമാധാന ചര്‍ച്ച നടന്നപ്പോള്‍ ഗസ്റ്റ് ഹൗസില്‍ വെച്ച് എന്നോട് കെ സുധാകരന്‍ പ്രതിചേരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഞാനന്ന് യൂത്ത് കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റായിരുന്നു.

ഞങ്ങളുടെ പ്രദേശത്താണ് അക്രമം നടന്നതെന്നും നിങ്ങള്‍ അതേറ്റെടുത്തേ പറ്റൂ എന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടപ്പോള്‍ അന്നത്തെ ഒരു ആവേശത്തില്‍ ഞങ്ങള്‍ അതേറ്റെടുത്തു. അങ്ങനെ ഞങ്ങള്‍ ആറുപേര്‍ പ്രതിചേര്‍ക്കപ്പെട്ടു. പിന്നീട് വിചാരണക്കോടതി ഞങ്ങളെ വെറുതെ വിട്ടു. പിന്നീട് സര്‍ക്കാര്‍ അപ്പീലുപോയെങ്കിലും മേല്‍ക്കോടതിയും ഞങ്ങളെ വെറുതെ വിടുകയാണുണ്ടായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week