തിരുവനന്തപുരം: കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തില്‍ നാടകീയ രംഗങ്ങള്‍. പുനഃസംഘടന വൈകുന്നതില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അതൃപ്തി അറിയിച്ചു. നിങ്ങള്‍ക്ക് പുനഃസംഘടന വേണ്ടെങ്കില്‍ തനിക്കും വേണ്ടെന്ന് സുധാകരന്‍ പറഞ്ഞു.
സഹായിക്കണമെന്ന് കൈകൂപ്പികൊണ്ട് യോഗത്തില്‍ സുധാകരന്‍ ആവശ്യപ്പെട്ടതായും റിപ്പോർട്ട്.ഒടുവില്‍ പുനഃസംഘടനയില്‍ തീരുമാനം എടുത്താണ് യോഗം പിരിഞ്ഞത്.ജില്ലാതലത്തിലെ പുനഃസംഘടനാ ലിസ്റ്റ് മൂന്ന് ദിവസത്തിനുള്ളില്‍ ഡിസിസി പ്രസിഡന്റും ജില്ലയുടെ ചാര്‍ജുള്ള കെപിസിസി ജനറല്‍ സെക്രട്ടറിയും ചേര്‍ന്ന് കെപിസിസിക്ക് നല്‍കണം. ജില്ലകളില്‍ നിന്നും ലിസ്റ്റ് ലഭിച്ചാല്‍ 10 ദിവസത്തിനകം ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി കെപിസിസിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന തല സമിതിക്ക് നിര്‍ദേശം നല്‍കി.
പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ പ്രതിസന്ധി ഉടലെടുത്തതോടെ ഏഴംഗ ഉപസമിതിക്ക് കെപിസിസി രൂപം നല്‍കിയിരുന്നു. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, ടി സിദ്ദിഖ്, ഗ്രൂപ്പ് പ്രതിനിധികളായി കെ സി ജോസഫ്, ജോസഫ് വാഴക്കന്‍, എ പി അനില്‍കുമാര്‍, കെ ജയന്ത്, എം ലിജു എന്നിവര്‍ ഉള്‍പ്പെടുന്നതാണ് ഉപസമിതി.
എക്‌സിക്യൂട്ടീവ് യോഗത്തില്‍ ശശി തരൂര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയും വിമര്‍ശനം ഉയര്‍ന്നിരുന്നു. എംപിമാര്‍ നടത്തിയ പരസ്യ പ്രസ്താവനക്കെതിരെയാണ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നത്.
അത്തപ്പൂക്കളത്തിന്റെ നടുവില്‍ നായകേറിയിരിക്കുന്നത് പോലെയാണ് കോണ്‍ഗ്രസിന്റെ പരിപാടികളുടെ അവസാനമെന്നും വിമര്‍ശിച്ചു. മുതിര്‍ന്ന നേതാക്കള്‍ അച്ചടക്ക ലംഘനമാണ് നടത്തുന്നതെന്നും യോഗത്തില്‍ ചൂണ്ടിക്കാട്ടി. ശശി തരൂരിനെതിരെ കടുത്ത വിമര്‍ശനമാണ് പി ജെ കുര്യന്‍ ഉയര്‍ത്തിയത്.
മുതിര്‍ന്ന നേതാക്കള്‍ അച്ചടക്ക ലംഘനമാണ് നടത്തുന്നതെന്നും ഇങ്ങനെ മുന്നോട്ടു പോകാനാകില്ലെന്നും യോഗത്തില്‍ തിരുവഞ്ചൂരും പറഞ്ഞു.