‘ആണ്‍മക്കള്‍ക്ക് അന്ത്യകര്‍മം ചെയ്യേണ്ടി വന്ന അച്ഛന്‍മാര്‍’; ഫാദേഴ്സ് ഡേയില്‍ വൈകാരിക കുറിപ്പുമായി കെ സുധാകരന്‍

തിരുവനന്തപുരം: ‘ഫാദേഴ്സ് ഡേയില്‍’ വൈകാരികകുറിപ്പ് പങ്കുവച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍. തന്നെ കോണ്‍ഗ്രസുകാരനാക്കിയ അച്ഛനെയും മക്കള്‍ക്ക് അന്ത്യകര്‍മം ചെയ്യേണ്ടി വന്ന അച്ഛന്‍മാരെയും ഓര്‍ത്തുകൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ്. ‘നിരപരാധികളായ സ്വന്തം ആണ്‍മക്കള്‍ക്ക് അന്ത്യകര്‍മങ്ങള്‍ ചെയ്യേണ്ടിവന്ന അനേകം പിതാക്കന്മാരുടെ വേദന കണ്ടറിഞ്ഞിട്ടുണ്ട്.

കൊന്നിട്ടും തീരാതെ മക്കളുടെ കൊലയാളികള്‍ക്ക് ഭരണകൂടം പ്രത്യുപകാരങ്ങള്‍ നല്‍കുന്നതു കണ്ടുനില്‍ക്കേണ്ടി വരുന്ന അച്ഛന്മാര്‍. അവരെയൊക്കെയും ഈ പിതൃദിനത്തില്‍ ഹൃദയത്തോട് ചേര്‍ത്തു വയ്ക്കുന്നു.’ എന്നായിരുന്നു സുധാകരന്റെ കുറിപ്പ്.

കുറിപ്പ് വായിക്കാം:

അമ്മ സ്നേഹമാണെങ്കില്‍ അച്ഛന്‍ കരുതലിന്റെ പര്യായമാണ്. തങ്ങളുടെ വിയര്‍പ്പ് കൊണ്ട് മക്കളെ കൈപിടിച്ച് നടത്തുന്ന, അവര്‍ തളരുമ്‌ബോള്‍ വീഴാതെ താങ്ങായി കൂടെ നില്‍ക്കുന്ന, സ്നേഹത്തോടെയും കാര്‍കശ്യത്തോടെയും കരുതലിന്റെയും സാമീപ്യം നല്‍കുന്ന ഭൂമിയിലെ എല്ലാ അച്ഛന്മാര്‍ക്കും ഹൃദയം നിറഞ്ഞ പിതൃദിന ആശംസകള്‍.

ഞാനും അച്ഛന്‍ എന്ന വാക്ക് കേള്‍ക്കുമ്‌ബോള്‍ സുരക്ഷിതത്വത്തിന്റെയും സമാധാനത്തിന്റെയും തണലനുഭവിച്ചിരുന്നു. മൂവര്‍ണക്കൊടി കയ്യില്‍ പിടിപ്പിച്ചു തന്ന് എന്നെ കോണ്‍ഗ്രസുകാരനാക്കിയ അച്ഛന്റെ മുഖം എന്നും എനിക്ക് ഊര്‍ജമായിരുന്നു.

അതേപോലെ അനാഥരാക്കപ്പെട്ട പിതാക്കന്‍മാരെയും എനിക്കറിയാം. നിരപരാധികളായ സ്വന്തം ആണ്‍മക്കള്‍ക്ക് അന്ത്യകര്‍മങ്ങള്‍ ചെയ്യേണ്ടിവന്ന അനേകം പിതാക്കന്മാരുടെ വേദന കണ്ടറിഞ്ഞിട്ടുണ്ട്. ഷുഹൈബിന്റെയും ഷുകൂറിന്റെയും വാപ്പമാര്‍.. കൃപേഷിന്റെയും ശരത് ലാലിന്റെയും അച്ഛന്മാര്‍..

കൊന്നിട്ടും തീരാതെ മക്കളുടെ കൊലയാളികള്‍ക്ക് ഭരണകൂടം പ്രത്യുപകാരങ്ങള്‍ നല്‍കുന്നത് കണ്ട് നില്‍ക്കേണ്ടി വരുന്ന അച്ഛന്മാര്‍. അവരെയൊക്കെയും ഈ പിതൃദിനത്തില്‍ ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News